Asianet News MalayalamAsianet News Malayalam

ആശിച്ച വിജയം, വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വമ്പന്‍ ജവുമായി ഇന്ത്യ; ആശാ ശോഭനക്ക് 3 വിക്കറ്റ്

വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

India Women vs Sri Lanka Women Live Updates, India beat Sri lanka in do or die match
Author
First Published Oct 9, 2024, 11:04 PM IST | Last Updated Oct 9, 2024, 11:04 PM IST

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

കാവിഷക്ക് പുറമെ അനുഷ്ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ലങ്കന്‍ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 172-3, ശ്രീലങ്ക 19.5 ഓവറില്‍ 90ന് ഓള്‍ ഔട്ട്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കക്ക് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(0) വീഴ്ത്തിയ രേണുക സിംഗാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പട്ടുവിനെ(1) ശ്രേയങ്ക പാട്ടീലും മൂന്നാം ഓവറില്‍ ഹര്‍ഷിത സമരവിക്രമയെ(3)രേണുകയും വീഴ്ത്തിയതോടെ 6-3ലേക്ക് കൂപ്പുകുത്തിയ ലങ്കക്ക് പിന്നീട് തലപൊക്കാനിയില്ല. കവിഷ ദില്‍ഹാരിയും(21), അനുഷ്ക സഞ്ജീവനിയും(20) ചേര്‍ന്നുള്ള കൂട്ടുകെട്ട് കൂട്ടത്തകര്‍ച്ചയില്‍ പിടിച്ചു നിന്നെങ്കിലും കവിഷയെ അരുന്ധതി റെഡ്ഡിയും അനുഷ്കയെ ആശാ ശോഭനയും വീഴ്ത്തിയതോടെ പിന്നീട് 19 റണ്‍സെടുത്ത അമ കാഞ്ചനയിലൊതുങ്ങി ലങ്കയുടെ പോരാട്ടം. സുഗന്ധിക കുമാരി(1), ഇനോഷി പ്രിയദര്‍ശിനി(1) എന്നിവരെ വീഴ്ത്തിയ ആശ ശോഭന മൂന്ന് വിക്കറ്റ് തികച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി 38 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സടിച്ചു.ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയോടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക്  അവസാന മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയക്കൂടി തോല്‍പ്പിച്ചാലെ സെമി ഉറപ്പിക്കാനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios