ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം; ഇന്ത്യക്ക് ദയനീയ തോല്‍വി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 34.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു.
ബ്രിസ്റ്റോല്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 34.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു. 87 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടാമി ബ്യൂമോന്റാണ് ജയം എളുപ്പമാക്കിയത്.
സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ഓപ്പണര്‍ ലോറന്‍ വിന്‍ഫീല്‍ഡ് ഹില്ലിനെ (16) വേഗത്തില്‍ നഷ്ടമായി. ജൂലന്‍ ഗോസ്വാമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയയ്ക്ക് ക്യാച്ച്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. സ്‌കോര്‍ 83ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും (18) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ക്രീസില്‍ ഒത്തുകൂടിയ നതാലി സ്‌കിവര്‍ (പുറത്താവാതെ 74)- ബ്യൂമോന്റ് സഖ്യമാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 119 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
നേരത്തെ ഇന്ത്യന്‍ നിരയില്‍ 72 റണ്‍സെടുത്തു മിതാലി രാജിനൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പൂനം റാവത്ത് (32), ദീപ്തി ശര്‍മ (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്മൃതി മന്ഥാന (10), ഷെഫാലി വര്‍മ (15), ഹര്‍മന്‍പ്രീത് കൗര്‍ (1), പൂജ വസ്ത്രക്കര്‍ (15), താനിയ ഭാട്ടിയ(7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശിഖ പാണ്ഡെ (3), ജുലന്‍ ഗോസാമി (1) എന്നിവര്‍ പുറത്താവാതെ നിന്നു.
എക്ലസ്റ്റോണ്‍ മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. ജയത്തോടെ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.