കെ എല്‍ രാഹുല്‍ മാത്രം പോരാടി; രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

മറുപടി ബാറ്റിംഗില്‍ വീണ്ടുമൊരിക്കല്‍ക്കൂടി നിരാശപ്പെടുത്തി റിഷഭ് പന്ത് 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി

india vs western australia xi 2nd practice match Team India lose by 36 runs amid KL Rahul fifty

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ടാം സന്നാഹമത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ ല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിക്ക് ഇടയിലും 36 റണ്‍സിന്‍റെ തോല്‍വി നേരിടുകയായിരുന്നു. ഇന്ത്യന്‍ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിന് 132 എന്ന നിലയില്‍ അവസാനിച്ചു. ഓസീസിനായി മോറിസും മക്കന്‍സിയും കെല്ലിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീലന മത്സരം ഇന്ത്യ 13 റണ്ണിന് വിജയിച്ചിരുന്നു.  

മറുപടി ബാറ്റിംഗില്‍ വീണ്ടുമൊരിക്കല്‍ക്കൂടി നിരാശപ്പെടുത്തി റിഷഭ് പന്ത് 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. ദീപക് ഹൂഡ 9 പന്തില്‍ 6 ഉം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 17 ഉം അക്‌സര്‍ പട്ടേല്‍ 7 പന്തില്‍ 2 ഉം റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഇന്ത്യക്ക് 79 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. ഫിനിഷറെന്ന് പേരെടുത്ത ദിനേശ് കാര്‍ത്തിക് 14 പന്തില്‍ 10 ഉം റണ്‍സെടുത്ത് കീഴടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

പ്രധാന ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ സാവധാനമാണ് സ്കോര്‍ ചെയ്‌തതെങ്കിലും അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലില്‍ മാത്രമായി ഇന്ത്യന്‍ പ്രതീക്ഷകള്‍. 55 പന്തില്‍ 74 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ആന്‍ഡ്രൂ ടൈ പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഹര്‍ഷല്‍ പട്ടേല്‍ 10 പന്തില്‍ 2നും ഭുവനേശ്വര്‍ കൂമാര്‍ അക്കൗണ്ട് തുറക്കാതെയും പുറത്തായി. 

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവന്‍ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ നിക്കോളസ് ഹോബ്‌സണാണ് ടോപ് സ്‌കോറര്‍. ഡാര്‍സി ഷോര്‍ട്ടും ഫിഫ്റ്റി കണ്ടെത്തി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ ഓസീസ് ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് നിര്‍ണായകമായി. 

ഓസീസിനായി രണ്ടാം വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും നിക്കോളസ് ഹോബ്‌സണും 112 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഷോര്‍ട്ട് 38 പന്തില്‍ 52 ഉം ഹോബ്‌സണ്‍ 41 പന്തില്‍ 64 ഉം റണ്‍സെടുത്തു. ഷോര്‍ട്ടിനെ റണ്ണൗട്ടിലൂടെയും ഹോബ്‌സണെ അക്‌സറിന്‍റെ കൈകളിലെത്തിച്ചും ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് വന്നവരില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ്(7 പന്തില്‍ 6), ആഷ്‌ടണ്‍ ടര്‍ണര്‍(3 പന്തില്‍ 2), സാമുവല്‍ ഫാന്നിംഗ്(1 പന്തില്‍ 0) എന്നിവരെ അശ്വിന്‍ ഒരോവറില്‍ പുറത്താക്കി. മക്കെന്‍സി മൂന്നില്‍ നില്‍ക്കേ റണ്ണൗട്ടായപ്പോള്‍ ആന്‍ഡ്രൂ ടൈയെ 5 പന്തില്‍ 6 റണ്‍സെടുത്ത് നില്‍ക്കേ ഹര്‍ഷല്‍ മടക്കി.മാത്യു കെല്ലി 11 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. 

അശ്വിന് ഒരോവറില്‍ മൂന്ന് വിക്കറ്റ്; വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 169 റണ്‍സ് വിജയലക്ഷ്യം

Latest Videos
Follow Us:
Download App:
  • android
  • ios