അശ്വിന് ഒരോവറില്‍ മൂന്ന് വിക്കറ്റ്; വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 169 റണ്‍സ് വിജയലക്ഷ്യം
രണ്ടാം വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും നിക്കോളസ് ഹോബ്‌സണും 112 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് എതിരായ രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവന്‍ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ നിക്കോളസ് ഹോബ്‌സണാണ് ടോപ് സ്‌കോറര്‍. ഡാര്‍സി ഷോര്‍ട്ടും ഫിഫ്റ്റി കണ്ടെത്തി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ 17-ാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് നിര്‍ണായകമായി.
ജോഷ് ഫിലിപ്പിനെ 9 പന്തില്‍ 8 റണ്‍സെടുത്ത് നില്‍ക്കേ അര്‍ഷ്‌ദീപ് സിംഗ് ഭുവിയുടെ കൈകളില്‍ എത്തിച്ചെങ്കിലും രണ്ടാം വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ടും നിക്കോളസ് ഹോബ്‌സണും 112 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി. ഷോര്‍ട്ട് 38 പന്തില്‍ 52 ഉം ഹോബ്‌സണ്‍ 41 പന്തില്‍ 64 ഉം റണ്‍സെടുത്തു. ഷോര്‍ട്ടിനെ റണ്ണൗട്ടിലൂടെയും ഹോബ്‌സണെ അക്‌സറിന്‍റെ കൈകളിലെത്തിച്ചും ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് വന്നവരില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ്(7 പന്തില്‍ 6), ആഷ്‌ടണ്‍ ടര്‍ണര്‍(3 പന്തില്‍ 2), സാമുവല്‍ ഫാന്നിംഗ്(1 പന്തില്‍ 0) എന്നിവരെ അശ്വിന്‍ ഒരോവറില്‍ പുറത്താക്കിയത് വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ മോഹം എറിഞ്ഞിട്ടു. പിന്നാലെ മക്കെന്‍സി മൂന്നില്‍ നില്‍ക്കേ റണ്ണൗട്ടായി. ആന്‍ഡ്രൂ ടൈയെ 5 പന്തില്‍ 6 റണ്‍സെടുത്ത് നില്‍ക്കേ ഹര്‍ഷല്‍ മടക്കി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്യു കെല്ലി 11 പന്തില്‍ 15 റണ്‍സുമായി നില്‍ക്കുന്നുണ്ടായിരുന്നു.
സൂര്യകുമാര്‍ യാദവ്, വിരാട് കോലി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. കോലി ആദ്യ പരിശീലന മത്സരത്തിലും ഇറങ്ങിയിരുന്നില്ല. ആദ്യ സന്നാഹ മത്സരത്തില്‍ 35 പന്തില്‍ 52 റണ്‍സുമായി സൂര്യകുമാര്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 13 റണ്‍സിന്‍റെ വിജയം നേടിയിരുന്നു.
ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ദീപക് ഹൂഡ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്.
74 റണ്‍സിന്‍റെ കൂറ്റന്‍ ജയം; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ