വീണ്ടും ട്വിസ്റ്റ്, ജസ്പ്രീത് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല
ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും നാളെ ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിനായി ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുമ്രയെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്ത് വളരെ പെട്ടെന്ന് മത്സര ക്രിക്കറ്റ് കളിപ്പിക്കേണ്ടെന്നാണ് ബിസിിസഐയുടെ തീരുമാനം.
ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം.പേസര്‍ ജസ്പ്രീത് ബുമ്രയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നൊഴിവാക്കി. ആദ്യം പ്രഖ്യാപിച്ച ടീമിലില്ലാതിരുന്ന ബുമ്രയെ പിന്നീടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടു തലേന്ന് ബുമ്രയെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു.
ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും നാളെ ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തിനായി ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുമ്രയെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്ത് വളരെ പെട്ടെന്ന് മത്സര ക്രിക്കറ്റ് കളിപ്പിക്കേണ്ടെന്നാണ് ബിസിിസഐയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ ബുമ്രയെ ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ലങ്കിലും ഏകദിന പരമ്പരയില്‍ ബുമ്രയെ ടീമിലേക്ക് പരിഗണിക്കില്ല. അതിനാലാണ് ബുമ്ര ടീമിനൊപ്പം ഗുവാഹത്തിയില്‍ എത്താതിരുന്നത് എന്നാണ് സൂചന.
ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാല്‍ ബുമ്രയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ തിരക്കിട്ട് കളിപ്പിക്കുന്നത് ഉചിതമാകില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് ബുമ്രയെ ഇപ്പോള്‍ ഒഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര ടി20 ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനായി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ഓസീസിനെതിരായ രണ്ടാം മത്സരത്തില്‍ വീണ്ടും പരിക്കേറ്റ ബുമ്രക്ക് ടി20 ലോകകപ്പ് പൂര്‍ണമായും നഷ്ടമായി. തുടര്‍ന്ന് മൂന്ന് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്ര കായികക്ഷമത തെളിയിച്ചതിനെത്തുടര്‍ന്നാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്‍പ്പെടുത്തിയത്. ആദ്യം ടീമിലില്ലാതിരുന്ന ബുമ്രയെ പിന്നീട് സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലുള്ളത്. 15ന് തിരുവനന്തപുരത്താണ് പരമ്പരയിലെ മൂന്നാം ഏകദിനം.