ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിന്, രോഹിത് ഇന്ന് മാധ്യമങ്ങളെ കാണും; നാളെ ക്രിക്കറ്റ് പൂരം
ആവേശ്വജ്ജ്വല സ്വീകരണത്തിനു പിന്നാലെ കോവളത്തെ ഹോട്ടലില്‍ രാത്രി തങ്ങിയ ടീം ഇന്ത്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ക്രിക്കറ്റ് പൂരം. വൈകീട്ട് ഏഴിനാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും മൂന്ന് വര്‍ഷത്തിന് ശേഷം കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. ടി20 റാങ്കിംഗില്‍ അധീശത്വം തുടരുന്ന ടീം ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാര്യവട്ടത്ത് കളി കാര്യമാകുമെന്നുറപ്പ്.
ആവേശ്വജ്ജ്വല സ്വീകരണത്തിനു പിന്നാലെ കോവളത്തെ ഹോട്ടലില്‍ രാത്രി തങ്ങിയ ടീം ഇന്ത്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണും.
ബാറ്റിംഗിന് അനുകൂലമായി ഒരുക്കിയ പിച്ചില്‍ റണ്ണൊഴുക്കുണ്ടാകുമെന്നുറപ്പ്. ടോസും നിര്‍ണായകമാകും. അവസാനം ഇരു ടീമും ഇന്ത്യയില്‍ കൊമ്പുകോര്‍ത്ത അഞ്ച് മത്സര ടി20 പരമ്പരയില്‍ 2-2ന്റെ ബലാബലമായിരുന്നു ഫലം. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ജയത്തിന്റെ ആത്മവിശ്വാസമുണ്ട് ടീം ഇന്ത്യയ്ക്ക്.
കാര്യവട്ടത്തെ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം തോറ്റതിന്റെ പിച്ച് റെക്കോഡും രോഹിത്തിനും സംഘത്തിനുണ്ട്. ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയില്‍ ആധിപത്യം ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ ഇരുടീമും ശ്രമിക്കുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഉശിരന്‍ പോരാട്ടം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍.