യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂര്യകുമാര്‍ യാദവ്, 'മിസ്റ്റര്‍ 360 ഡിഗ്രി'യെന്ന് യുപി മുഖ്യമന്ത്രി
ഇരു ടീമുകളും റണ്ണടിക്കാന്‍ പാടുപെട്ട ലഖ്നൗവിലെ രണ്ടാം ടി20യില്‍ 30 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് കളിയിലെ താരമായത്.
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ലഖ്നൗവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാര്‍ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച യോഗി മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് താരത്തെ വിശേഷിപ്പിച്ചു.
ഇരു ടീമുകളും റണ്ണടിക്കാന്‍ പാടുപെട്ട ലഖ്നൗവിലെ രണ്ടാം ടി20യില്‍ 30 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് കളിയിലെ താരമായത്. 100 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തിയാണ് സൂര്യകുമാര്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തുകയും ചെയ്തു. റാഞ്ചിയില്‍ നടന്ന ആദ്യ ടി20യില്‍ ന്യൂസിലന്‍ഡായിരുന്നു ജയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.