ലോകകപ്പ് യോഗ്യതാ പോരാട്ടം; സുനിൽ ഛേത്രിക്ക് വിജയത്തോടെ വിടചൊല്ലാനാവാതെ ഇന്ത്യ; കുവൈത്തിനെതിരെ ഗോൾരഹിത സമനില

സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ 59000 വരുന്ന കാണികളെ ഞെട്ടിച്ച് തുടക്കത്തില്‍ കുവൈറ്റാണ് ഇന്ത്യന്‍ ബോക്സിലേക്ക് ഇരച്ചു കയറിയത്.

India vs Kuwait FIFA World Cup Qualifier LIVE Updates: Sunil Chhetri's last dance ends in goalless draw

കൊല്‍ക്കത്ത: വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വിജയത്തോടെ വിടചൊല്ലാനാവാതെ ഇന്ത്യ. ഒന്നര ദശകത്തോളം ഇന്ത്യൻ ഫുട്ബോളിനെ തോളിലേറ്റി നീലക്കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച(94) ഛേത്രിക്കും തന്‍റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139) കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍(0-0) തളച്ചു.

ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മമൂലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതിരുന്നതോടെ ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസത്തിന് വിജയമധുരത്തോടെ വിട പറയാന്‍ ഇന്ത്യക്കായില്ല. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി വിടവാങ്ങിയത്. കവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകമായി.അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.

ഇങ്ങനെയാണെങ്കില്‍ 4 സ്പിന്നർമാര്‍ അധികപ്പറ്റാകും; ലോകകപ്പ് ടീം സെലക്ഷനില്‍ അബദ്ധം പറ്റിയെന്ന് രോഹിത് ശര്‍മ

സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ 59000 വരുന്ന കാണികളെ ഞെട്ടിച്ച് തുടക്കത്തില്‍ കുവൈറ്റാണ് ഇന്ത്യന്‍ ബോക്സിലേക്ക് ഇരച്ചു കയറിയത്. ഇന്ത്യയുടെ ഓരോ നീക്കത്തിനും ആരാധകര്‍ നിറഞ്ഞ പിന്തുണ നല്‍കിയപ്പോള്‍ നാലാം മിനിറ്റില്‍ തന്നെ കുവൈറ്റ് ഗോളിന് അടുത്തെത്തി. ഇന്ത്യയുടെ പ്രതിരോധത്തിലെ ആശയക്കുഴപ്പത്തില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം പക്ഷെ കുവൈറ്റ് നഷ്ടമാക്കി. പെനല്‍റ്റി ബോക്ലില്‍ ഇന്ത്യൻ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ കുവൈറ്റിന്‍റെ ഹസന്‍ അലേന്‍സി തൊടുത്ത ഷോട്ട് സന്ധുവിന്‍റെ കാലില്‍ തട്ടി പുറത്തുപോയി.

എട്ടാം മിനിറ്റില്‍ കുവൈറ്റ് വീണ്ടും ഇന്ത്യന്‍ ബോക്സിലേക്ക് ഇരച്ചു കയറി ഞെട്ടിച്ചു. ഇത്തവണ അല്‍ റഷീദിയുടെ ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു കൈക്കലാക്കി വീണ്ടും രക്ഷകനായി. പതിനൊന്നാം മിനിറ്റിലാണ് കുവൈറ്റ് ബോക്സില്‍ ഇന്ത്യ ആദ്യമായി പന്തെത്തിച്ചത്. എന്നാല്‍ അനിരുദ്ധ് ഥാപ്പയുടെ ക്രോസ് ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് കണക്ട് ചെയ്യാനായില്ല. പിന്നാലെ അനിരുത്ഥ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് അന്‍വര്‍ അലി തൊടുത്ത കരുത്തുറ്റ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ ബോക്ലിന് തൊട്ടുപുറത്തുനിന്ന് ചാങ്തെയും നിഖില്‍ പൂജാരിയും കൂടി നടത്തിയ നീക്കത്തിനൊടുവില്‍ ചാങ്ത്തെ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

25ാം മിനിറ്റില്‍ കുവൈറ്റ് വീണ്ടും ഗോളിന് അടുത്തെത്തി. ഇത്തവണയും ഗുര്‍പ്രീത് സിംഗ് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അല്‍ റഷീദി തലക്ക് മുകളിലൂടെ ചിപ്പ് ചെയ്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. പിന്നാലെ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇടതുവിംഗില്‍ നിന്ന് ജേ ഗുപ്ത നല്‍കിയ അളുന്നുമുറിച്ച ക്രോസ് സഹല്‍ അബ്ദുള്‍ സമദിന്‍റെ കാലിലെത്തും മുമ്പ് കുവൈറ്റ് പ്രതിരോധനിരയിലെ അലെനേസി അടിച്ചകറ്റി. പിന്നീട് ലഭിച്ച കോര്‍ണറില്‍ അന്‍വര്‍ അലിയുടെ ഹെഡ്ഡര്‍ കുവൈറ്റ് ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി. പിന്നാലെ വലതുവിംഗില്‍ ബോക്സിന് പുറത്ത് നിഖില്‍ പൂജാരിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കിലെ റീ ബൗണ്ടില്‍ നിന്ന് സഹലും ലിസ്റ്റന്‍ കൊളാസോയും തൊടുത്ത ഷോട്ടുകള്‍ ഗോളാകാതെ പോയത് ഇന്ത്യയുടെ നിര്‍ഭാഗ്യമായി. 32-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വീണ്ടും സഹലിന്‍റെ മിന്നലാട്ടം. പക്ഷെ വീണ്ടും ഗോളിലേക്കുള്ള വഴി തുറന്നില്ല.

ഔട്ടായശേഷം വഴിതെറ്റി ഒമാന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന് കയറി ഓസീസ് ഓപ്പണര്‍ ഡേവി‍ഡ് വാര്‍ണര്‍

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങള്‍ തുറന്നെടുത്തു.എന്നാല്‍ ഗോള്‍ മാത്രം നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. അവസാന മിനിറ്റുകളില്‍ കുവൈറ്റ് ഇന്ത്യന്‍ ബോക്സില്‍ ഭീതി ഉയര്‍ത്തിയപ്പോള്‍ ഇഞ്ചുറി ടൈമിലാണ് ഇന്ത്യ കുവൈറ്റ് ബോക്സിലെത്തി ചെറുതായെങ്കിലും ഒന്നു പേടിപ്പിച്ചത്. മത്സരത്തിനൊടുവില്‍ ഗ്യാലറിയെ അഭിവാദ്യം ചെയ്ത സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios