ബാറ്റിംഗില്‍ സഞ്ജുവിന് പ്രമോഷൻ, ഫിനിഷറായി റിങ്കു, അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
വണ്‍ഡൗണായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്താനുള്ള സാധ്യതയുണ്ട്. നാലാം നമ്പറില്‍ തിലക് വര്‍മ തുടരും. സഞ്ജു വിക്കറ്റ് കീപ്പറായാല്‍ ശിവം ദുബെക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും.
ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പുതിയ നായകന് കീഴില്‍ പുതിയ ലക്ഷ്യവുമായി ഇന്ത്യന്‍ ടീം ഇന്ന് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് ഇറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് പരിക്ക് മാറി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്‌വാദാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
വിന്‍ഡീസിനെതിരെ തിളങ്ങിയ യശസ്വി ജയ്‌സ്വാളിന് ഇന്ത്യയുടെ ടി20 ടീമിലെ സ്ഥിരം ഓപ്പണറാവാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാകും അയര്‍ലന്‍ഡിനെതിരായ പരമ്പര. യശസ്വിക്കും ഗില്ലിനും ഒപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ റുതുരാജിനും ഇത് സുവര്‍ണാവസരമാണ്. ഓപ്പണിംഗില്‍ ഇന്ത്യ യശസ്വി-റുതുരാജ് സഖ്യത്തിന് തന്നെയാവും അവസരം നല്‍കുക.
വണ്‍ഡൗണായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്താനുള്ള സാധ്യതയുണ്ട്. നാലാം നമ്പറില്‍ തിലക് വര്‍മ തുടരും. സഞ്ജു വിക്കറ്റ് കീപ്പറായാല്‍ ശിവം ദുബെക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും. ഇല്ലെങ്കില്‍ റിങ്കു സിംഗ് ആകും അഞ്ചാം നമ്പറിലിറങ്ങുക. സഞ്ജുവിനെ ബാറ്ററായി കളിപ്പിച്ചാല്‍ ജിതേഷ് ശര്‍മക്ക് ഫിനിഷറായി അവസരം ലഭിക്കും. വാഷിംഗ്ടണ്‍ സുന്ദറാകും സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തുക.
ഡബ്ലിനിലെ ദ് വില്ലേജ് ഗ്രൗണ്ടിലെ പിച്ച് ബാറ്റിംഗ് പറുദീസയാകുമെന്നതിനാല്‍ രണ്ടാം സ്പിന്നറായി ഇന്ത്യ രവി ബിഷ്ണോയിക്ക് അവസരം നല്‍കിയേക്കും. ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും പരിക്ക് മാറി തിരിച്ചെത്തുന്ന പ്രസിദ്ധ് കൃഷ്കണയും അര്‍ഷ്ദീപ് സിംഗും ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യതയാണുള്ളത്. വിന്‍ഡീസില്‍ കളിച്ച മുകേഷ് കുമാറും വിന്‍ഡീസിനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാതിരുന്ന ആവേശ് ഖാനും ആദ്യ മത്സരത്തില്‍ അവസരം ഉണ്ടാകില്ല.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേശ് ഖാൻ, ജിതേഷ് ശർമ്മ, പ്രസിദ്ധ് കൃഷ്ണ , ഷഹബാസ് അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക