Asianet News MalayalamAsianet News Malayalam

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍

രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോലി വലിയ സ്‌കോര്‍ കണ്ടെത്തുമെന്നും ഇന്ത്യന്‍ പ്രതീക്ഷ.

India vs England  t20 world cup semi final match preview and more
Author
First Published Jun 27, 2024, 10:49 AM IST

ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍ വാരത്തില്‍ 2022ലെ സെമിതോല്‍വിയുടെ മുറിവുണക്കണം രോഹിത് ശര്‍മയ്ക്ക്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും ഒന്നാം റാങ്കിലുള്ള ഇന്ത്യക്കും ഇടയില്‍ കടലാസിലെ കരുത്തില്‍ വലിയ അന്തരമില്ല. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറവുള്ള പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റമാരുടെ പ്രാഗത്ഭ്യവും വിധികുറിക്കും.

രോഹിത് കൂറ്റനടികള്‍ തുടരുമെന്നും വിരാട് കോലി വലിയ സ്‌കോര്‍ കണ്ടെത്തുമെന്നും ഇന്ത്യന്‍ പ്രതീക്ഷ. സഹപരിശീലകനായി ഇംഗ്ലീഷ് ക്യാംപിലുള്ള വിന്‍ഡീസ് മുന്‍ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് തന്ത്രങ്ങളുടെ താക്കോല്‍ സ്ഥാനത്തുണ്ടാകും. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 150ലും താഴെയാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. പ്രദേശിക സമയം രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന മത്സരത്തിന് റിസര്‍വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് മഴയെത്തി മത്സരം ഉപേക്ഷിച്ചാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യ ഫൈനലിലെത്തും.

പുലി പോലെ വന്ന് എലി പോലെ പോയി! ടി20 ലോകകപ്പ് സെമിയില്‍ അഫ്ഗാന് ദയനീയ തോല്‍വി; ദക്ഷിണാഫ്രിക്ക ഫൈനലില്‍

മലയാളിതാരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. ഓപ്പണിംഗ് സഖ്യമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്ന മറ്റൊരു ഘടകം. രോഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട് കോലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ രസാധിച്ചിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനും ടീം മാനേജ്മെന്റ് മുതിരുന്നില്ല. ഇന്നും ഈ രീതിക്ക് മാറ്റമുണ്ടായേക്കില്ല. കോലി-രോഹിത് സഖ്യം തുടരും. 

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios