Asianet News MalayalamAsianet News Malayalam

ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി, ഗയാനയില്‍ നിന്ന് സന്തോഷവാർത്ത, മഴ മാറി, മാനം തെളിഞ്ഞു; പക്ഷെ ടോസ് വൈകും

ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് പ്രാദേശിക സമയം രാവിലെ 10.30) തുടങ്ങേണ്ട സെമി ഫൈനല്‍ പോരാട്ടത്തിന്  7.30നായിരുന്നു ടോസിടേണ്ടിയിരുന്നത്.

India vs England, Semi Final 2 Live Updates:Rain and Toss Update from Guyana
Author
First Published Jun 27, 2024, 7:41 PM IST

ഗയാന: ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിന്‍റെ ടോസ് വൈകുന്നു. മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടക്കുന്നതിനാലാണ് ടോസ് വൈകുന്നത്. ഇപ്പോള്‍ മഴ മാറി മാനം തെളിഞ്ഞിരിക്കുകയാണെന്നത് ആശ്വാസകരമാണ്. പിച്ചും ഔട്ട് ഫീല്‍ഡും അമ്പയര്‍മാർ പരിശോധിച്ചശേഷമെ എപ്പോഴ്‍ ടോസ് സാധ്യമാവുമെന്ന് വ്യക്തമാവു. ഔട്ട് ഫീല്‍ഡ് ഉണക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്.

ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് (പ്രാദേശിക സമയം രാവിലെ 10.30) തുടങ്ങേണ്ട സെമി ഫൈനല്‍ പോരാട്ടത്തിന്  7.30നായിരുന്നു ടോസിടേണ്ടിയിരുന്നത്. എന്നാല്‍ ടോസിന് രണ്ട് മണിക്കൂര്‍  മുമ്പ് ഗയാനയില്‍ നേരിയ തോതില്‍ മഴ തുടങ്ങി പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു.

മത്സരത്തിന് റിസര്‍വ് ഡേ ഇല്ലെങ്കിലും മഴ കാരണം വൈകിയാലും ഓവറുകള്‍ വെട്ടിക്കുറക്കുന്നതിന് 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ കട്ട് ഓഫ് ടൈം രാത്രി 12.10 വരെയുണ്ട്. 12.10നു ശേഷവും മത്സരം തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടി കുറച്ച് മത്സരം സാധ്യമാകുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കു. കുറഞ്ഞത് അഞ്ചോവര്‍ മത്സരമെങ്കിലും സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും.

ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും 20 ഓവര്‍ മത്സരമായിരിക്കും നടക്കുക. ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യക്ക്  പഴയൊരു കണക്ക് തീര്‍ക്കാനുണ്ട്. 2022ൽ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികള്‍ 29ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. അഫ്ഗാനിസ്ഥാനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയത്. മറ്റന്നാള്‍ കെന്‍സിംഗ്‌ടൺ ഓവലിൽ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്  കിരീടപ്പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios