ഇന്ത്യക്ക് ലീഡ്, ലോര്‍ഡ്‌സ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; എറിഞ്ഞിടാമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ട്
61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് (14), ഇശാന്ത് ശര്‍മ (4) എന്നിവരാണ് ക്രീസില്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. വെളിച്ചക്കുറവ് കാരണം നാലാംദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് (14), ഇശാന്ത് ശര്‍മ (4) എന്നിവരാണ് ക്രീസില്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരുദിനം കൂടി ശേഷിക്കെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നത്.
ഇന്ന് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 56 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21), വിരാട് കോലി (20) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. മികച്ച ഫോമിലുള്ള രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രോഹിത് ഒരിക്കല്‍കൂടി മികച്ച തുടക്കത്തിന് ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞു. വുഡിന്റെ തന്നെ പന്തില്‍ ഹുക്ക് ഷോട്ടിന് ശ്രമിച്ചാണ് താരം മടങ്ങുന്നത്. ഫൈന്‍ ലെഗ് ബൗണ്ടറി ലൈനില്‍ മൊയീന്‍ അലിക്ക് ക്യാച്ച്. കോലി കറന്റെ പന്തിലാണ് മടങ്ങുന്നത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വെക്കുകയായിരുന്നു. ബട്‌ലര്‍ക്ക് ക്യാച്ച്.
പിന്നാലെ കടുത്ത പ്രതിരോധം തീര്‍ത്ത രഹാനെ- ചേതേശ്വര്‍ പൂജാര (45) സഖ്യമാണ് ഇന്ത്യയെ തകരാതെ പിടിച്ചുനിര്‍ത്തിയത്. പതുക്കെയാണെങ്കിലും ഇരുവരും 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 206 പന്തില്‍ നിന്നാണ് പൂജാര ഇത്രയും റണ്‍സെടുത്തത്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വുഡിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ രഹാനെയും ക്രീസ് വിട്ടു. മൊയീന്‍ അലിയുടെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച്. വാലറ്റത്തെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്കും അലിയുടെ പന്തില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് റണ്‍സെടുത്ത താരം ബൗള്‍ഡായി.
നേരത്തെ റൂട്ടിന്റെ സഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചിരുന്നത്. പുറത്താവാതെ 180 റണ്‍സാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. ജോണി ബെയര്‍സ്‌റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മയ്ക്ക് മൂന്നും മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റുമുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ രാഹുലിനായിരുന്നു (129) ഹീറോ. രോഹിത് ശര്‍മ (83), കോലി (42), ജഡേജ (40) തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.