ആ ഫ്‌ളോ അങ്ങ് പോയി! വിചിത്ര കാരണം, ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം നിര്‍ത്തിവച്ചു; രോഹിത്തും ഗില്ലും ഗ്രൗണ്ട് വിട്ടു
മത്സരം എപ്പോള്‍ തുടങ്ങാനാകുമെന്ന് ഉറപ്പില്ല. രോഹിത് ഇതുവരെ മൂന്ന് സിക്‌സും ഒരു ഫോറും നേടി. ഗില്‍ മൂന്ന് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
![india vs england second odi match play stopped due to floodlight failure india vs england second odi match play stopped due to floodlight failure](https://static-gi.asianetnews.com/images/01jknde9aa5revb1rtgc14x8np/light_363x203xt.jpg)
കട്ടക്ക്: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിനം നിര്‍ത്തിവച്ചു. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നാലെ ഇരു ടീമുകളും ഗ്രൗണ്ട് വിട്ടു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ 6.1 ഓവറില്‍ 48 റണ്‍സടിച്ച് നില്‍ക്കെയാണ് ഫ്‌ളഡ്‌ലൈറ്റ് പണി തരുന്നത്. രോഹിത് ശര്‍മ (29), ശുഭ്മാന്‍ ഗില്‍ (17) എന്നിവര്‍ ക്രീസിലുണ്ട്. ഇന്ന് രണ്ടാം തവണയാണ് മത്സരം ഇതേ കാരണത്തില്‍ നിര്‍ത്തി വെക്കേണ്ടി വരുന്നത്. ഇന്ത്യയുടെ ബാറ്റിംഗിനിടെ അല്‍പനേരം മത്സരം മുടങ്ങിയെങ്കിലും പിന്നാലെ പുനരാരംഭിച്ചു. എന്നാല്‍ 6.1 ഓവറയാരിക്കെ വീണ്ടും ലൈറ്റ് അണഞ്ഞു. അംപയറോട് പരാതി അറിയിച്ചതിന് ശേഷമാണ് രോഹിത്തും ഗില്ലും ഗ്രൗണ്ട് വിട്ടത്. ഇത്തരത്തില്‍ നിര്‍ത്തിവെക്കുന്നത് സ്വഭാവിക ഒഴുക്കിനെ ബാധിക്കാനിടയുണ്ട്. മത്സരം എപ്പോള്‍ തുടങ്ങാനാകുമെന്ന് ഉറപ്പില്ല. രോഹിത് ഇതുവരെ മൂന്ന് സിക്‌സും ഒരു ഫോറും നേടി. ഗില്‍ മൂന്ന് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (26) - ഡക്കറ്റ് സഖ്യം 81 റണ്‍സ് ചേര്‍ത്തു. ആദ്യ ഏകദിനം കളിക്കുന്ന വരുണാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ജോ റൂട്ട് നിര്‍ണായക സംഭവാന നല്‍കി.
ഡക്കറ്റ് - റൂട്ട് സഖ്യം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. ഡക്കറ്റിനെ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് അയച്ചു. തുടര്‍ന്ന് ഹാരി ബ്രൂക്ക് (31) - റൂട്ട് സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. 30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രൂക്കിനെ ഹര്‍ഷിത് റാണ മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കും (34) വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്നെത്തിയ ജാമി ഓവര്‍ട്ടണ്‍ (6), ഗസ് അറ്റ്കിന്‍സണ്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ഏഴിന് 272 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ആദില്‍ റഷീദ് (14), ലിയാം ലിവിംഗ്‌സ്റ്റണ്‍ (41), മാര്‍ക്ക് വുഡ് (0) എന്നിവരാണ് റണ്ണൗട്ടായത്. സാകിബ് മെഹ്മൂദ് (0) പുറത്താവാതെ നിന്നു.