കടുവകളെ കൂട്ടിലടച്ചു, ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വമ്പൻ ലീഡുമായി ഇന്ത്യ; രോഹിത്തിന് നിരാശ

ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിലെ പ്രഹരമേറ്റു.

India vs Bangladesh test 19 September 2024 live updates, Bangladesh All out for 149

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 149 റണ്‍സിന് ഓള്‍ ഔട്ടായി. 227 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി. 32റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. പുറത്താകാതെ 27 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസും 22 റണ്‍സെടുത്ത ലിറ്റണ്‍ ദാസും മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആകാശ് ദീപും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ ടസ്കിന്‍ അഹമ്മദാണ് മടക്കിയത്.

ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിലെ പ്രഹരമേറ്റു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷദ്മാൻ ഇസ്ലാമിനെ ജസ്പ്രീത് ബുമ്ര ബൗള്‍ഡാക്കി. പിന്നാലെ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഞ്ചിന് പിരിയുമ്പോള്‍ 26-3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ലഞ്ചിനുശേഷം പൊരുതിനോക്കിയ നജ്മുൾ ഹൊസൈൻ ഷാന്‍റോയെ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ചയുടെ ആഴം കൂട്ടിയത്.

മഷ്ഫീഖുറും ഷാക്കിബ് അല്‍ ഹസനും പൊരുതുമെന്ന് കരുതിയെങ്കിലും ബുമ്ര ആ പ്രതീക്ഷയും തകര്‍ത്തു. മുഷ്ഫീഖുറിനെ(8) സ്ലിപ്പില്‍ രാഹുലിന്‍റെ കൈകളിലേക്കാണ് ബുമ്ര പറഞ്ഞുവിട്ടത്. ലിറ്റണ്‍ ദാസും(22) ഷാക്കിബും(32) ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തിയ ജഡേജ ബംഗ്ലാദേശിനെ 92-7ലേക്ക് തള്ളിയിട്ടു.

ചായക്ക് മുമ്പ് ഹസന്‍ മഹ്മൂദിനെകൂടി(9) മടക്കിയ ബുമ്ര ചായക്ക് ശേഷം യോര്‍ക്കറില്‍ ടസ്കിന്‍ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിന്‍റെ വാലറുത്തു. നാഹിദ് റാണയെ(11) വീഴ്ത്തിയ സിറാജാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios