Virat Kohli Press Conference : ഏകദിനത്തില്‍ കളിക്കും; എന്നാല്‍ ബിസിസിഐക്കെതിരെ കോലി, അതൃപ്‌തി പരസ്യമാക്കി പോര്
നായക മാറ്റവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നടത്തിയ പ്രതികരണങ്ങള്‍ തള്ളി കോലി
മുംബൈ: പിന്‍മാറുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa 2021-22) ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് സൂപ്പര്‍താരം വിരാട് കോലി (Virat Kohli). എന്നാല്‍ ഏകദിന നായകസ്ഥാനത്തുനിന്ന് മാറ്റുമെന്ന് തന്നെ നേരത്തെ അറിയിച്ചില്ലെന്ന് കോലി തുറന്നുപറഞ്ഞു. നായക മാറ്റവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി (Sourav Ganguly) നടത്തിയ പ്രതികരണങ്ങള്‍ കോലി തള്ളി. ഏകദിന നായകപദവി നഷ്‌ടമായ ശേഷം വിരാട് കോലി ആദ്യമായാണ് പ്രതികരിച്ചത്.
തീരുമാനം നേരത്തെ അറിയിച്ചില്ല...
'ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തീരുമാനിക്കാന്‍ സെലക്‌ടര്‍മാര്‍ യോഗം വിളിച്ചിരുന്നു. ഒന്നര മണിക്കൂറോളം യോഗം നീണ്ടുനിന്നു. നിങ്ങളെ ഞങ്ങള്‍ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് യോഗത്തിന്‍റെ അവസാനം മുഖ്യ സെലക്‌ടര്‍ പറഞ്ഞു. രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കുകയാണ്. ശരി എന്ന മറുപടി മാത്രമാണ് താന്‍ നല്‍കിയത്. തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ്' എന്നും കോലി പറഞ്ഞു.
ഗാംഗുലിയെ തള്ളി കോലി
എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായ മറുപടിയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ നല്‍കിയത്. നായകസ്ഥാനം രോഹിത്തിന് കൈമാറുന്നത് സംബന്ധിച്ച് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഗാംഗുലിയുടെ ഈ വാദത്തെ പരസ്യമായി തള്ളിക്കളയുകയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി ഇപ്പോള്‍ ചെയ്‌തത്.
ടി20 നായകപദവിയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ബിസിസിഐ അംഗങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നു എന്നും കോലി വ്യക്തമാക്കി. ഇക്കാര്യത്തിലും ഗാംഗുലിയുടെ നിലപാട് കോലി തള്ളുകയാണ്. ടി20 നായകപദവിയില്‍ നിന്ന് മാറാന്‍ കോലി താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മാറരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചു എന്ന മറുപടി ഗാംഗുലി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
ഇന്നലെ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ഇന്ത്യന്‍ ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോലി ഏകദിന പരമ്പര കളിക്കില്ല എന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി കോലി വിട്ടുനില്‍ക്കും എന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം കോലി ബിസിസിഐയെ അറിയിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കോലിയെ ഏകദിന നായകപദവിയില്‍ നിന്ന് നീക്കിയതിന് ശേഷം ടീം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്.