ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് നയിക്കും! സഞ്ജു സാംസണിന്റെ കാര്യത്തില്‍ അവ്യക്തത, നാളെ നിര്‍ണായക യോഗം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെങ്കിലും റിഷഭ് പന്തും ടീമിനൊപ്പം തുടരും.

india squad for icc champions trophy expected to announce tomorrow

മുംബൈ: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക്് മുന്നോടിയായി ബിസിസിഐ നാളെ യോഗം ചേരും. അന്തിമ ടീമിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് നാളെ ഇന്ത്യന്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും കൂടിയിരിക്കുന്നത്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതിന് പിന്നാലെയാണ് പെട്ടന്ന് യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്. രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുക. നേരത്തെ രോഹിത്തിനെ ഒഴിവാക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെങ്കിലും റിഷഭ് പന്തും ടീമിനൊപ്പം തുടരും. എന്നാല്‍ കെ എല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവാനാണ് സാധ്യത കൂടുതല്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. അദ്ദേഹം വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നത് തിരിച്ചടിയാവും. ട്രാവലിംഗ് റിസര്‍വായി ചിലപ്പോള്‍ ടീമില്‍ ഉള്‍പ്പെട്ടേക്കാം. ജസ്പ്രിത് ബുമ്ര കളിക്കുന്ന കാര്യവും ഉറപ്പായിട്ടില്ല. സിഡ്‌നി ടെസ്റ്റിനിടെ അദ്ദേഹത്തിന് പുറം വേദന അനുഭവപ്പെട്ടിരുന്നു. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് പരിശോധിച്ച ശേഷം മാത്രമെ ബുമ്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ. 

പരിക്കിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ടീമിലെത്തും. ഏകദിനത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സൂര്യകുമാര്‍ യാദവിനും സ്ഥാനം ഉറപ്പില്ല. കൂടാതെ, മുഹമ്മദ് ഷമിയുടെ ലഭ്യതയും സൂക്ഷ്മ പരിശോധനയിലാണ്. മുഹമ്മദ് സിറാജിനേയും ചില ഫിറ്റ്നസ് പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. രോഹിത്തിനൊപ്പം വിരാട് കോലിയും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ശുഭ്മാന്‍ ഗില്ലനും മറ്റു വെല്ലുവിളികളുണ്ടാവില്ല. യശസ്വി ജയ്‌സ്വള്‍ ഏകദിന അരങ്ങേറ്റത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. മധ്യനിരയില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ കളിക്കും.

'ഞാന്‍ എപ്പോള്‍ വിരമിക്കണമെന്ന് അവരല്ല തീരുമാനിക്കേണ്ടത്'; വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് രോഹിത്

ജനുവരി 22ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും. ഇതില്‍ സഞ്ജു തുടരും. എന്നാല്‍ ഗില്‍, റിഷഭ് എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ എന്തു ചെയ്യുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം തന്നെയായിരിക്കും ഏകദിന പരമ്പരയില്‍ കളിക്കുക. ഈ മാസം 12ന് മുമ്പ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിക്കേണ്ടതുണ്ട്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ / അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios