സ്ഥാനമുറപ്പാക്കി സഞ്ജുവും തിലക് വര്‍മയും; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകുമ്പോള്‍ തിലക് വര്‍മ മൂന്നാം നമ്പറിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കളിക്കും.
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന , ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ 12ന് പ്രഖ്യാപിക്കുമെന്ന് സൂചന. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനത്തോടൊപ്പം തന്നെ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ടീമിലെ ഭൂരിഭാഗം താരങ്ങളെയും ടീമില്‍ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറികളുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും തിലക് വര്‍മയും ഇംഗ്ലണ്ടിനെതിരായ ടി20 ടീമിലും സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മയും ടീമിലെത്തുമ്പോള്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച യശസ്വി ജയ്സ്വാളിന് ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കും.
സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകുമ്പോള്‍ തിലക് വര്‍മ മൂന്നാം നമ്പറിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കളിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി ക്രീസിലെത്തുമ്പോള്‍ റിങ്കു സിംഗ് ഫിനിഷറായി തുടരും. മുഷ്താഖ് അലിയിലെ മിന്നും ഫോമിന്‍റെ കരുത്തില്‍ ശിവം ദുബെയും ടീമിലെത്താനിടയുണ്ട്.
സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേൽ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി രവി ബിഷ്ണോയി, വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തുമെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ജിതേഷ് ശര്‍മ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ശിവം ദുബെ ടീമിലെത്തിയാല്‍ പേസ് ഓള്‍ റൗണ്ടറായി ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രമണ്‍ദീപ് സിംഗിന് സ്ഥാനം നഷ്ടമാകും. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും മുഹമ്മദ് ഷമിയും യാഷ് ദയാലും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ പ്രസിദ്ധ കൃഷ്ണയെയും ടീമിലേക്ക് പരിഗണിക്കും.
ഇങ്ങനെയാണെങ്കില്‍ ഇനിയവന്‍ ഇന്ത്യക്കായി കളിക്കാതിരുന്നതാണ് നല്ലത്, ബുമ്രയെക്കുറിച്ച് മുന്‍ താരം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശര്‍മ, തിലക് വർമ്മ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, പ്രസീദ് കൃഷ്ണ, അർഷ്ദീപ് സിങ്, യഷ് ദയാൽ, ഹർഷിത് റാണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക