ചെറുതല്ലാത്ത വിജയലക്ഷ്യം മുന്നിലേക്കിട്ട് ഓസീസ്! ഇന്ത്യയുടെ ലക്ഷ്യം ജയമോ സമനിലയോ? മറുപടി ബാറ്റിംഗ് ആരംഭിച്ചു
ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 340 റണ്‍സ് വിജയലക്ഷ്യം. ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി. നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (4), യശസ്വി ജയ്‌സ്വാള്‍ (8) എന്നിവര്‍ ക്രീസില്‍.
ഓസീസിന് തുടക്കം പാളി
ഒരു ഘട്ടത്തില്‍ രണ്ടിന് 80 നിലയിലായിരുന്നു ഓസീസ്. സാം കോണ്‍സ്റ്റാസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറി നേടിയ കോണ്‍സ്റ്റാസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. ഒരു പെര്‍ഫക്റ്റ് റിവഞ്ച്. കോണ്‍സ്റ്റാസ് മടങ്ങുമ്പോള്‍ 20 റണ്‍സ് മാത്രമായിരുന്നു ഓസീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഉസ്മാന്‍ ഖവാജയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി താരം. തുടര്‍ന്ന് സ്മിത്ത് - ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു.
കൂട്ടത്തകര്‍ച്ച
പിന്നീട് സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ടൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചത്. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്.
കമ്മിന്‍സ്-ലബുഷെയ്ന്‍ കൂട്ടുകെട്ട്
എന്നാല്‍ ലബുഷെയ്ന്‍ - കമ്മിന്‍സ് കൂട്ടുകെട്ട് ഓസീസിന് രക്ഷയായി. 57 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്. ലബുഷെയ്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായതും ഓസീസിന് തിരിച്ചടിയായി. പിന്നീട് നതാന്‍ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിന്‍സ് വിലപ്പെട്ട റണ്‍സുകള്‍ കൂട്ടിചേര്‍ത്തു. 17 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കമ്മിന്‍സിനെ പുറത്താക്കി ജഡേജയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. കമ്മിന്‍സ് മടങ്ങിയെങ്കിലും അവസാന വിക്കറ്റില്‍ ലിയോണ്‍ - സ്‌കോട്ട് ബോളണ്ട് സഖ്യം വിജയലക്ഷ്യം 300 കടത്തി. ഇരുവരും വിലപ്പെട്ട 61 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ഓസീസിന്റെ സ്‌കോര്‍ 222 നില്‍ക്കെ ബുമ്രയുടെ പന്തില്‍ ലിയോണിനെ സ്ലിപ്പില്‍ കെ എല്‍ രാഹുല്‍ ക്യാച്ചെടുത്തെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു.
നിതീഷിന്റെ സെഞ്ചുറി
നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 474നെതിരെ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 369ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 105 റണ്‍സ് ലീഡ് നേടിയിരുന്നു ഓസീസ്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ (114) വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. നിതീഷിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെല്‍ബണില്‍ ഒരു ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 258 റണ്‍സാണ്. ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കാനായാല്‍ റെക്കോര്‍ഡിടാനും സാധിക്കും.