അരങ്ങേറ്റത്തില്‍ റാണയ്ക്ക് മൂന്ന് വിക്കറ്റ്; ജഡേജയും തിളങ്ങി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 249 റണ്‍സ്
ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (43) - ബെന്‍ ഡക്കറ്റ് (32) സഖ്യം 75 റണ്‍സ് ചേര്‍ത്തു.
![india need 249 runs to win against england in first odi india need 249 runs to win against england in first odi](https://static-gi.asianetnews.com/images/01jkdhhxf3wwq3zh3xpzf7r6ad/jadeja-rana_363x203xt.jpg)
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 249 റണ്‍സ് വിജയലക്ഷ്യം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ യശസ്വി ജയ്‌സ്വാള്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് സീനിയര്‍ താരം വിരാട് കോലിക്ക് കളിക്കാന്‍ കഴിഞ്ഞില്ല. റിഷഭ് പന്തിനും അവസരം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (43) - ബെന്‍ ഡക്കറ്റ് (32) സഖ്യം 75 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും അപ്പോഴേക്കും മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യം ഫിലിപ്പ് സാള്‍ട്ട് റണ്ണൗട്ടായി. പിന്നാലെ 10-ാം ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെ ഹര്‍ഷിത്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഹാരി ബ്രൂക്കിനെ (0), വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലേക്ക് അയക്കാനും റാണയ്ക്ക് സാധിച്ചു.
പിന്നീട് ജോ റൂട്ട് (19) - ബട്‌ലര്‍ സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നിക്കെയാണ് രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂ നല്‍കുന്നത്. റൂട്ടിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ബട്‌ലര്‍ - ബേതല്‍ സഖ്യമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇരുവരും 59 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം കൂട്ടിചേര്‍ത്തത്. എന്നാല്‍ ബട്‌ലറെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല.
ലിയാം ലിവിംഗ്സ്റ്റണ്‍ (5), ബ്രൈഡണ്‍ കാര്‍സ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബേതലും മടങ്ങി. ആദില്‍ റഷീദ് (8), സാകിബ് മഹ്മൂദ് (2) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 248ന് അവസാനിച്ചു. ജോഫ്ര ആര്‍ച്ചര്‍ (21) പുറത്താവാതെ നിന്നു.