ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ വിക്കറ്റ് കളഞ്ഞ് ഗില്‍! സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ രാഹുല്‍ മടങ്ങി.

india loss three wickets against australia in sydney test

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 57 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി (12) ക്രീസിലുണ്ട്. യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ രാഹുല്‍ മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ സാം കോണ്‍സ്റ്റാസിന് ക്യാച്ച്. പിന്നാലെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്‌സറ്റര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്. ലിയോണിന്റെ പന്ത്  ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച്.

'ആ തീരുമാനമാണ് ടീമിന്റെ ഐക്യം'; രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കാതിരിക്കാനുള്ള കാരണത്തെ കുറിച്ച് ബുമ്ര

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്. മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

രോഹിത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുയാണെങ്കില്‍ മാത്രം വിടവാങ്ങല്‍ ടെസ്റ്റ് കളിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിഡ്‌നിയില്‍ ജയിച്ചാല്‍ പോലും ഫൈനലിലെത്തുക ഇന്ത്യക്ക് പ്രയാസമാണ്. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാകട്ടെ 6.2 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുമ്ര ടീമിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചപ്പോള്‍ രോഹിത് മടങ്ങിയെത്തിയശേഷം കളിച്ച മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ ബ്രിസ്‌ബേനില്‍ മഴയുടെ ആനുകൂല്യത്തില്‍ സമനില നേടി.

Latest Videos
Follow Us:
Download App:
  • android
  • ios