ആദ്യം തകര്‍ച്ച, പിന്നാലെ ഓസീസിനെ തല്ലിചതച്ച പന്തിന്റെ കൗണ്ടര്‍ പഞ്ച്! സിഡ്‌നിയില്‍ ഇന്ത്യ മാന്യമായ ലീഡിലേക്ക്
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഓസീസ് 181ന് പുറത്താവുകയായിരുന്നു. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതിനിടെ റിഷഭ് പന്തിന്റെ കൗണ്ടര്‍ പഞ്ച്. നാലിന് 78 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ റിഷഭ് അതിവേഗ അര്‍ധ സെഞ്ചുറിയിലൂടെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 33 പന്തില്‍ 61 റണ്‍സുമായി താരം മടങ്ങി. സിഡ്‌നിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 141 എന്ന നിലയിലാണ് ഇന്ത്യ. 145 റണ്‍സ് ലീഡായി ടീമിന്. രവീന്ദ്ര ജഡേജ (8), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍. നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഓസീസ് 181ന് പുറത്താവുകയായിരുന്നു. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. നിതീഷ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഇന്ന് കെ എല്‍ രാഹുലിന്റെ (13) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. ബോളണ്ടിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ യശസ്വി ജയ്‌സ്വാളിനേയും (22) ബോളണ്ട് ബൗള്‍ഡാക്കി. പതിവുപോലെ വിരാട് കോലി (6) ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന് ക്യാച്ച് നല്‍കി മടങ്ങി.
ശുഭ്മാന്‍ ഗില്ലിന് 15 പന്തുകള്‍ മാത്രമായിരുന്നു ആയുസ്. 13 റണ്‍സെടുത്ത താരത്തെ വെബ്സ്റ്റര്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കയച്ചു. പിന്നാലെയായിരുന്നു റിഷഭിന്റെ കൗണ്ടര്‍ പഞ്ച്. 29 പന്തില്‍ അദ്ദേഹം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണിത്. 28 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ റിഷഭ് തന്നെയാണ് ഒന്നാമതും. പിന്നാലെ 33 പന്തില്‍ 61 റണ്‍സുമായി താരം മടങ്ങി. നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്.
പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. ശേഷം ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് നാല് റണ്‍സെടുക്കാനാണ് സാധിച്ചത്. ബോളണ്ടിന്റെ പന്തില്‍ മിഡ് ഓഫില്‍ കമ്മിന്‍സിന് ക്യാച്ച് നല്‍കി. തുടര്‍ന്ന് ജഡേജ - വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇതിനിടെ ജഡേജ നല്‍കിയ അവസരം സ്ലിപ്പില്‍ സ്മിത്ത് വിട്ടുകളയുകയും ചെയ്തു. നേരത്തെ വെബ്‌സ്റ്റര്‍ക്ക് പുറമെ സ്റ്റീവന്‍ സ്മിത്ത് (33), സാം കോണ്‍സ്റ്റാസ് (23), അലക്‌സ് ക്യാരി (21), പാറ്റ് കമ്മിന്‍സ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 40 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ (26), ജസ്പ്രിത് ബുമ്ര (22), ശുഭ്മാന്‍ ഗില്‍ (20), വിരാട് കോലി (17), യശസ്വി ജയ്‌സ്വാള്‍ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുതാരങ്ങള്‍. ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്നും കമ്മിന്‍സിന് രണ്ടും വിക്കറ്റുണ്ട്.