കറക്കി വീഴ്ത്തി, പിന്നെ അടിച്ചോടിച്ചു; മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യക്ക് പരമ്പര

എട്ടു റണ്‍സെടുത്ത ധവാന്‍ ഏഴാം ഓവറില്‍ റണ്ണൗട്ടായി. ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 18 പന്തില്‍ 10 റണ്‍സെടുത്ത കിഷനെ ഫോര്‍ട്യുണ്‍ പുറത്താക്കി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോം തുടര്‍ന്ന ശ്രേയസ് അയ്യരും ആദ്യ രണ്ട് കളിയിലെ നിരാശ മായ്ക്കുന്ന പ്രകടനവുമായി ശുഭ്മാന്‍ ഗില്ലും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി.

India beat South Africa by 7 wickets in 3rd ODI to seal the series

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിരയുമായി പരമ്പരക്കിറങ്ങിയ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിര ടീമിനെ മുട്ടുകുത്തിച്ചാണ് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും 2-1ന് സ്വന്തമാക്കിയത്. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 99 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. സ്കോര്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99ന് ഓള്‍ ഔട്ട്, ഇന്ത്യ 19.1 ഓവറില്‍ 105-3.

നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ 99 റണ്‍സില്‍ തളച്ചത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(8) തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. വിജയത്തിനും അര്‍ധസെഞ്ചുറിക്കും അരികെ ശുഭ്മാന്‍ ഗില്‍(49) വീണെങ്കിലും സഞ്ജു സാംസണും(2*) ശ്രേയസ് അയ്യരും(28*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ധവാനും ഗില്ലിനും പുറമെ ഇഷാന്‍ കിഷന്‍റെ(10) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 57 പന്തില്‍ 49 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് 23 പന്തില്‍ 28 റണ്‍സുമായും സഞ്ജു നാലു പന്തില്‍ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.

മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി ധവാന്‍

അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനം ലക്ഷ്യമിടുന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. എട്ടു റണ്‍സെടുത്ത ധവാന്‍ ഏഴാം ഓവറില്‍ റണ്ണൗട്ടായി. ഇഷാന്‍ കിഷനും ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. 18 പന്തില്‍ 10 റണ്‍സെടുത്ത കിഷനെ ഫോര്‍ട്യുണ്‍ പുറത്താക്കി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോം തുടര്‍ന്ന ശ്രേയസ് അയ്യരും ആദ്യ രണ്ട് കളിയിലെ നിരാശ മായ്ക്കുന്ന പ്രകടനവുമായി ശുഭ്മാന്‍ ഗില്ലും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. വിജയത്തിന് തൊട്ടരികെ ഗില്‍(49) മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജുവിന് ഒരിക്കല്‍ കൂടി ഫിനിഷ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും നാലു പന്തുകളില്‍ രണ്ട് റണ്‍സ് നേടി സഞ്ജു ഫിനിഷിംഗ് ചുമതല ശ്രേയസിനെ ഏല്‍പ്പിച്ചു. മാര്‍ക്കോ ജാന്‍സണെ സിക്സടിച്ച് ശ്രേയസ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.

ബിസിസിഐ പ്രസിഡന്‍റ്, ഗാംഗുലി പുറത്തേക്ക്; റോജര്‍ ബിന്നി പുതിയ പ്രസിഡന്‍റാകും

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി. 34 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹ്ഹമദ് സിറാജും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ടോസിലെ നിര്‍ഭാഗ്യം ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിലും പിന്തുടരുകയായിരുന്നു. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.

മൂന്നാം ഓവറില്‍ ക്വിന്‍റണ്‍ ഡി കോക്ക്(6) പുറത്ത്. റീസാ ഹെന്‍ഡ്രിക്കസും(3) ജാനെമാന്‍ മലനും(15) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് കരുതിയെങ്കിലും ഇരുവരെയും വീഴ്ത്തി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയുടെ തലതകര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ഏയ്ഡന്‍ മാര്‍ക്രത്തെ(9) ഷഹബാസ് അഹമ്മദ് മടക്കിയതോടെ 43-4ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 50 കടത്തിയെങ്കിലും മില്ലറെ(7) സുന്ദറും ആന്‍ഡില്‍ ഫെലുക്കുവായോയെ(5) കുല്‍ദീപും വീഴ്ത്തി.

100-നുള്ളില്‍ തകര്‍ന്നടിഞ്ഞു, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

പൊരുതി നിന്ന ക്ലാസനെ(34) ഷഹബാസ് ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വാലരിഞ്ഞ് കുല്‍ദീപ് ഇന്നിംഗ്സിന് തിരശീലയിട്ടു.  പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഒന്നാം നിര ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്. നേരത്തെ ടി20 പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios