ഗാബയിലെ ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ കാലാവസ്ഥ വില്ലനാകുമോ? ഇന്ത്യൻ ആരാധകർക്ക് നിരാശവാര്‍ത്ത
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയും അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയും ജയിച്ച് 1-1 തുല്യത പാലിക്കുകയാണ്.
ബ്രിസ്ബേന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകുമ്പോള്‍ കാലവസ്ഥ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. സമീപകാലത്തെങ്ങുമില്ലാത്ത കനത്ത മഴയാണ് ബ്രിസ്ബേനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്. ഇതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് തുടങ്ങുന്ന നാളെ മുതല്‍ തുടർന്നുള്ള അഞ്ച് ദിവസവും ബ്രിസ്ബേനില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റിന്‍റെ ആദ്യ ദിനമായ നാളെയാണ് മഴ പെയ്യാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. അക്യുവെതറിന്‍റെ പ്രവചനം അനുസരിച്ച് നാളെ പകല്‍ മഴ പെയ്യാനുള്ള സാധ്യത 88 ശതമാനമാണ്.
മഴ മൂലം ആദ്യ ദിനത്തിലെ കളി തടസ്സപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത നാലു ദിവസങ്ങളിലും മഴ പെയ്യുമെങ്കിലും ആദ്യ ദിനത്തെക്കാള്‍ താരതമ്യേന കുറവായിരിക്കുമെന്നാണ് പ്രവചനം. രണ്ടാം ദിനം രാവിലെയും മഴ പെയ്യുമെന്ന് അക്യുവെതര്‍ പ്രവചിക്കുന്നു. മൂന്നും അഞ്ചും ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത കുറവാണെങ്കിലും നാലാം ദിനം ഉച്ചക്ക് ശേഷം മഴ പെയ്യുമെന്നാണ് പ്രവചനം.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയും അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയും ജയിച്ച് 1-1 തുല്യത പാലിക്കുകയാണ്. ബ്രിസ്ബേനില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാനുള്ള സാധ്യത വര്‍ധിപ്പിക്കാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്തണമെങ്കില്‍ ഇന്ത്യക്ക് ഇനിയുള്ള മൂന്ന് ടെസ്റ്റുകളിലും വിജയം അനിവാര്യമാണ്. മഴ മൂലം മത്സരം പൂര്‍ത്തിയാക്കാനാതാല്‍ പോയന്‍റുകള്‍ ഇരു ടീമുകളും പങ്കുവെക്കും. ഇത് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ നിലവില്‍ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. ഇന്ത്യക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര കൂടിയുണ്ട്. ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മറ്റ് പരമ്പരകളില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക