IND vs SL : സഞ്ജു സാംസണ് മുമ്പ് ബാറ്റിംഗിനെത്തിയത് രവീന്ദ്ര ജഡേജ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
സഞ്ജു സാംസണിന് (Sanju Samson) മുകളിലായിട്ടാണ് ജഡേജ ബാറ്റിംഗിനെത്തിയത്. തീരുമാനം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് ജഡേജയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ലഖ്‌നൗ: മാസങ്ങള്‍ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ (Ravindra Jadeja) അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെയാണ് താരം അവസാനമായി കളിച്ചത്. പിന്നാലെ പരിക്കിനെ തുടര്‍ന്ന് താരത്തിന് പരമ്പര തന്നെ നഷ്ടമായി. അതിന് ശേഷം ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യാണ് ജഡേജ കളിക്കുന്നത്. താരത്തെ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കുകയും ചെയ്തു. സഞ്ജു സാംസണിന് (Sanju Samson) മുകളിലായിട്ടാണ് ജഡേജ ബാറ്റിംഗിനെത്തിയത്. തീരുമാനം ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് ജഡേജയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
ആദ്യ ടി20യ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''ജഡേജ ടീമിലേക്ക് തിരിച്ചെത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ടീം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയത്. വരും മത്സരങ്ങളിലും ഇത് പ്രതീക്ഷിക്കാം. അദ്ദേഹം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. ഏറെ പുരോഗതി കൈവരിച്ച ബാറ്ററാണ് ജഡേജ. അദ്ദേഹത്തെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്.'' രോഹിത് വ്യക്തമാക്കി.
ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഇഷാനെ എനിക്ക് വര്‍ഷങ്ങളായി അറിയാം. അവന്റെ കഴിവ് എന്താണെന്ന് അറിയുന്ന ഒരാളാണ് ഞാന്‍. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച രീതിയിലുള്ള ഒരു ഇന്നിംഗ്‌സ് മതിയായിരുന്നു അവന് ഫോമിലേക്ക് തിരിച്ചെത്താന്‍. അവന്റെ കളി ഒരറ്റത്തിരുന്ന് കാണുന്നത് ആസ്വദ്യകരമാണ്. അവന്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ രീതി മനോഹമായിരുന്നു.'' രോഹിത് വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ ലോകകപ്പിനനെത്തുമ്പോള്‍ ഇന്ത്യ മികച്ച ഫീല്‍ഡിംഗ് ആവേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. ''വലിയ ഗ്രൗണ്ടുകളില്‍ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അവിടെയാണ് ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വെല്ലുവിളികള്‍ നേരിടുക. കൊല്‍ക്കത്തയില്‍ ടൈമിംഗ് മാത്രം മതിയായിരുന്നു. അത് തുടര്‍ച്ചയായി സംഭവിച്ചകൊണ്ടിരുന്നു. എന്നാല്‍ അനായാസ ക്യാച്ചുകള്‍ നമ്മള്‍ കൈവിട്ട് കളയുന്നു. ഫീല്‍ഡിംഗ് പരിശീലകന്‍ കുറച്ച് കൂടുതല്‍ ജോലിയുണ്ടാവും ഇനി. കാരണം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ആവുമ്പോഴേക്ക് നമ്മള്‍ മികച്ച ഫീല്‍ഡിംഗ് ടീം കൂടി ആവേണ്ടതുണ്ട്.'' രോഹിത് പറഞ്ഞുനിര്‍ത്തി.
62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.
ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക ഓവറില്‍ 20 ഓവറില്‍ 137-6.