IND vs SL:അവരെക്കുറിച്ച് ഇനി നമ്മള്‍ അധികം കേള്‍ക്കില്ല, രണ്ട് ഇന്ത്യന്‍ താരങ്ങളുടെ ഭാവി പ്രവചിച്ച് ചോപ്ര
ഫോമില്ലായ്മയാണ് രഹാനെക്കും പൂജാരക്കും വിനയായതെങ്കില്‍ ഇഷാന്തിനും സാഹക്കും പ്രായവും തടസമായി. മധ്യനിരയില്‍ രഹാനെക്കും പൂജാരക്കും പകരം ശ്രേയസ് അയ്യരെയും ഹനുമാ വിഹാരിയെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ രണ്ടാം വിക്കറ്റ് കീപ്പറായി ശ്രീകര്‍ ഭരതിനെയും പേസര്‍മാരായി ഷമിക്കും ബുമ്രക്കും ഉമേഷിനുമൊപ്പം സിറാജിനെയാണ് നിലനിര്‍ത്തിയത്.
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍(Indian Test Team) തലമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിന്‍റെയും സമയമാണിപ്പോള്‍. ഏകദിന, ടി20 ടീമുകള്‍ക്ക് പുറമെ ടെസ്റ്റ് ടീമിന്‍റെയും നായകനായി രോഹിത് ശര്‍മ(Rohit Sharma) എത്തിയതിനൊപ്പം ഇന്ത്യന്‍ ടീമിലെ പതിവു മുഖങ്ങളില്‍ പലരും ടീമിന്‍റെ പടിക്ക് പുറത്തായി. മധ്യനിരയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ ചേതേശ്വര്‍ പൂജാരക്കും(Cheteshwar Pujara) അജിങ്ക്യാ രഹാനെക്കും( Ajinkya Rahane) പുറമെ ഇന്ത്യന്‍ പേസ് പടയെ ഒരു ദശകത്തോളം നയിച്ച ഇഷാന്ത് ശര്‍മയും(Ishant Sharma) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും(Wriddhiman Saha) ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് പുറത്തായി.
ഫോമില്ലായ്മയാണ് രഹാനെക്കും പൂജാരക്കും വിനയായതെങ്കില്‍ ഇഷാന്തിനും സാഹക്കും പ്രായവും തടസമായി. മധ്യനിരയില്‍ രഹാനെക്കും പൂജാരക്കും പകരം ശ്രേയസ് അയ്യരെയും ഹനുമാ വിഹാരിയെയും ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്തി സെലക്ടര്‍മാര്‍ രണ്ടാം വിക്കറ്റ് കീപ്പറായി ശ്രീകര്‍ ഭരതിനെയും പേസര്‍മാരായി ഷമിക്കും ബുമ്രക്കും ഉമേഷിനുമൊപ്പം സിറാജിനെയാണ് നിലനിര്‍ത്തിയത്.
ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒഴിവാക്കിയ രണ്ട് കളിക്കാരുടെ പേരുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അധികം പറഞ്ഞുകേള്‍ക്കില്ലെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. ഇഷാന്തിന്‍റെയും സാഹയുടെ പേരുകളാണ് ഇനി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാതിരിക്കുകയെന്നും ആകാശ് ചോപ്ര പറയുന്നു.
ഇന്ത്യന്‍ ടീം തലമുറ മാറ്റത്തിന്‍റെ പാതയിലാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ സാഹയുടെയോ ഇഷാന്തിന്‍റെയോ പേര് ഇനി നമ്മളധികം കേള്‍ക്കില്ല. ഇത് അനിവാര്യമായ മാറ്റമാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായും രോഹിത് ശര്‍മ ക്യാപ്റ്റനായും എത്തിയതോടെ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അവര്‍ തയാറായി. ഒരു മൂന്നോ നാലോ മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീം ഏത് ദിശയിലാണ് നീങ്ങേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും. അങ്ങനെ മാറുമ്പോള്‍ ചിലര്‍ക്ക് അവിടെ സ്ഥാനമുണ്ടാവില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് അവരിപ്പോള്‍-ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം, പൂജാരയെയും രഹാനെയും പുറത്താക്കിയെങ്കിലും ഇരുവര്‍ക്കും തിരിച്ചുവരാന്‍ ഇനിയും സാധ്യതകളുണ്ടെന്നും ചോപ്ര പറഞ്ഞു. രഹാനെ രഞ്ജിയില്‍ സെഞ്ചുറി നേടിക്കഴിഞ്ഞു. പൂജാര അര്‍ധസെഞ്ചുറിയും. ഇരുവര്‍ക്കും 38 വയസൊന്നും ആയിട്ടില്ല. അവര്‍ക്കിനി ഇന്ത്യന്‍ ടീമില്‍ കളിക്കാനാവില്ലെന്ന് കല്ലില്‍ കൊത്തിവെച്ചിട്ടൊന്നുമില്ല. അവര്‍ ഇരുവരും വീണ്ടും ഇന്ത്യക്കായി കളിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
അവരുടെ യഥാര്‍ത്ഥ പ്രശ്നം കഴിഞ്ഞ രണ്ടു വര്‍ഷമായി അവര്‍ രാജ്യാന്തര ക്രിക്കറ്റില്‍ മാത്രമെ കളിച്ചിരുന്നുള്ളഉ എന്നതാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് ഫോം തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് അവസരം ഇല്ലായിരുന്നു. ഇപ്പോഴവര്‍ക്ക് അവസരം ലഭിച്ചു. അവിടെ റണ്‍സടിച്ചാല്‍ അവര്‍ക്ക് വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വാതിലില്‍ മുട്ടാനാവും.
എന്നാല്‍ സാഹയുടെയും ഇഷാന്തിന്‍റെയും കാര്യത്തില്‍ അത് പറയാനാവില്ല. ഇഷാന്ത് ഇന്ത്യക്കായി നൂറിലേറെ ടെസ്റ്റുകള്‍ കളിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ അദ്ദേഹത്തിന് പകരമൊരു പേസറെ തേടുന്ന തിരക്കിലാണ്. സാഹക്കാകട്ടെ 36-37 വയസായി. അതുകൊണ്ടുതന്നെ അവര്‍ ഇരുവരും ഇനി ഇന്ത്യക്കായി കളിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ രഹാനെയും പൂജാരയും കളിക്കാന്‍ സാധ്യതയേറെയാണെന്നും ചോപ്ര പറഞ്ഞു.