ബുമ്രയില്ലാതെ ആദ്യം ടീം പ്രഖ്യാപനം, പിന്നാലെ ഉള്‍പ്പെടുത്തി, ഇപ്പോള്‍ ഒഴിവാക്കി; ചേതന്‍ ശര്‍മ്മക്ക് വിമര്‍ശനം
ഡിസംബര്‍ 27ന് ആദ്യം ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രയുടെ പേരുണ്ടായിരുന്നില്ല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചീഫ് സെലക്‌ടര്‍ പദവിയില്‍ ചേതന്‍ ശര്‍മ്മയുടെ രണ്ടാം ഊഴത്തിന് നാടകീയ തുടക്കമാണ് ആയിരിക്കുന്നത്. നീണ്ട കാലത്തെ പരിക്കിന് ശേഷം അടുത്തിടെ ടീമിലേക്ക് തിരിച്ചുവിളിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഫിറ്റ്‌നസ് പ്രശ്‌നം പറഞ്ഞ് ഇന്ന് അപ്രതീക്ഷിതമായി ഏകദിന സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെയാണ് ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് തൊട്ടുതലേന്നാണ് ബുമ്രയുടെ കാര്യത്തില്‍ സെലക്‌ടര്‍മാര്‍ യു ടേണ്‍ സ്വീകരിച്ചത്.
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സെലക്ഷന്‍ സമിതി ഡിസംബര്‍ 27ന് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ ജനുവരി മൂന്നാം തിയതി ബുമ്രയുടെ പേരും സ്‌ക്വാഡിനൊപ്പം ചേര്‍ത്തു. ശ്രീലങ്കയ്ക്ക് എതിരെ കളിക്കാന്‍ ബുമ്ര പൂര്‍ണ ഫിറ്റാണെന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ന് ജനുവരി 9ന് ബിസിസിഐ അപ്രതീക്ഷിതമായൊരു പ്രഖ്യാപനം നടത്തി. ബൗളിംഗ് ക്ഷമത വീണ്ടെടുക്കാന്‍ ബുമ്രക്ക് കൂടുതല്‍ സമയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി. നാളെ ഗുവാഹത്തിയിലാണ് ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം. 12-ാം തിയതി കൊല്‍ക്കത്തയിലും 13-ാം തിയതി തിരുവനന്തപുരത്തുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍.
ജസ്‌പ്രീത് ബുമ്രയെ ഒഴിവാക്കി പുതുക്കിയ സ്‌ക്വാഡിനെ ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചേതന്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ദേശീയ സീനിയർ സെലക്ഷൻ കമ്മിറ്റി ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ബുമ്രയുടെ കാര്യത്തില്‍ ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി ചാഞ്ചാടുന്നത് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മയ്‌ക്കാണ് വിമര്‍ശനങ്ങളത്രയും. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ ഓസീസിനെതിരായ ടെസ്റ്റ് പരമ്പര മുന്‍നിര്‍ത്തിയാണ് ബുമ്രയുടെ തിരിച്ചുവരവിന്‍റെ കാര്യത്തില്‍ അമിത വേഗം കാട്ടാതിരിക്കാന്‍ ബിസിസിഐ ജാഗ്രത കാട്ടുന്നത് എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ട്വന്‍റി 20 ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനായി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം മത്സരത്തില്‍ വീണ്ടും പരിക്കേറ്റ ബുമ്രക്ക് ടി20 ലോകകപ്പ് പൂര്‍ണമായും നഷ്ടമായി. തുടര്‍ന്ന് മൂന്ന് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ബുമ്രയെ കായികക്ഷമത തെളിയിച്ചതിനെത്തുടര്‍ന്നാണ് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി.
വീണ്ടും ട്വിസ്റ്റ്, ജസ്പ്രീത് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല