ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; സഞ്ജുവും സഹതാരങ്ങളും പയറ്റ് തുടങ്ങി
ഏകദിന പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം പരീശീലനം തുടങ്ങി. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുമുണ്ട്.
ആദ്യ ഏകദിനത്തിനായി ലഖ്‌നൗവിലെത്തിയ ടീം ആദ്യദിനം തന്നെ മൈതാനത്ത് പരിശീലനത്തിന് ഇറങ്ങുകയായിരുന്നു. താരങ്ങള്‍ നെറ്റ്‌സില്‍ പങ്കെടുത്തു. ഇന്നലെയും ഇന്നുമായി ഏറെ നേരം താരങ്ങള്‍ പരിശീലനത്തിനായി നെറ്റ്‌സില്‍ ചിലവഴിച്ചു. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലുള്ളത്. സീനിയര്‍ ടീമിലെ താരങ്ങള്‍ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകും എന്നതിനാല്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഏകദിന പരമ്പരയ്‌ക്ക് തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പില്‍ സ്റ്റാന്‍ഡ്-ബൈ താരങ്ങളായ ശ്രേയസ് അയ്യരും ദീപക് ചാഹറും ഏകദിന മത്സരങ്ങള്‍ കളിക്കും. പരമ്പരയ്ക്ക് ശേഷമാകും ഇരുവരും ഓസ്ട്രേലിയയിലേക്ക് പറക്കുക.
ഏകദിന പരമ്പരയ്ക്കായി 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. രജത് പടിദാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സമീപകാലത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ടീമിലുള്‍പ്പെടുത്തിയത്. സീനിയര്‍ താരങ്ങള്‍ സ്ക്വാഡിലില്ലെങ്കിലും ഏകദിന പരമ്പരയും നേടാമെന്ന പ്രതീക്ഷയിലാണ് ധവാനും കൂട്ടരും. ആറാം തിയതിയാണ് ആദ്യ മത്സരം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടി20 പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
ലേശം നിരാശ, പക്ഷേ ആഘോഷിക്കാന്‍ വക! ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പര, ടീം ഇന്ത്യ തയാര്‍