സഞ്ജു സാംസണ്‍... 'ഇത് അർഹിച്ച സെഞ്ചുറി, തുടക്കം മാത്രം'; വമ്പന്‍ ആശംസകളുമായി എസ് ശ്രീശാന്ത്
കന്നി രാജ്യാന്തര സെഞ്ചുറിയാണ് സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ പേരിലാക്കിയത്
പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിംഗ് സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ പേസര്‍ എസ് ശ്രീശാന്ത്. അർഹിച്ച സെഞ്ചുറിയാണ് ടീം ഇന്ത്യക്കായി സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയിൽ നേടിയതെന്ന് ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന് കൂടുതൽ സെഞ്ചുറികൾ നേടാൻ കഴിയട്ടേയെന്ന് ശ്രീശാന്ത് ആശംസിച്ചു. ഐപിഎല്ലിലേക്കുള്ള വരവടക്കം സഞ്ജു സാംസണിന്‍റെ കരിയറില്‍ ഏറെ നിര്‍ണായകമായ താരങ്ങളിലൊരാളാണ് എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് ടീമിനായി ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്.
കന്നി രാജ്യാന്തര സെഞ്ചുറിയാണ് സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ കേരള താരമെന്ന നേട്ടം ഇതോടെ സഞ്ജുവിനായി. ടീം ഇന്ത്യയെ ഒറ്റയ്ക്ക് ക്രീസില്‍ നിന്ന് മികച്ച സ്കോറിലേക്ക് എത്തിച്ച സഞ്ജു വണ്‍ഡൗണ്‍ സ്ഥാനത്ത് 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 94.74 സ്ട്രൈക്ക് റേറ്റില്‍ 108 റണ്‍സെടുത്തു. സഞ്ജുവിന്‍റെ കരുത്തില്‍ മത്സരം 78 റണ്‍സിന് ജയിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ- 296/8 (50), ദക്ഷിണാഫ്രിക്ക- 218 (45.5). ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി പേസര്‍ അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
ബാറ്റിംഗില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ സഞ്ജു സാംസണില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം മാറ്റുന്നത് ഉചിതമാകും എന്ന നിര്‍ദേശവുമായി എസ് ശ്രീശാന്ത് അടുത്തിടെ രംഗത്തെത്തിയിരുന്നു. സഞ്ജുവിന് പകരം ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണം എന്നായിരുന്നു ശ്രീശാന്തിന്‍റെ നിര്‍ദേശം. സ്ഥിരത പുലര്‍ത്തുന്ന ക്യാപ്റ്റനെയാണ് ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്‍റില്‍ ടീമുകള്‍ക്ക് ആവശ്യം എന്നാണ് ശ്രീശാന്തിന്‍റെ നിലപാട്. 2021ല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി മാറിയ സഞ്ജു സാംസണ്‍ ടീമിനെ 45 മത്സരങ്ങളില്‍ നയിച്ചപ്പോള്‍ 22 ജയവും 23 തോല്‍വിയുമായിരുന്നു ഫലം. സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് 2022ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് കിരീടം കൈവിട്ടു.
Read more: ഒടുവില്‍ സുനില്‍ ഗവാസ്‌കര്‍ സമ്മതിച്ചു, സഞ്ജു സാംസണ്‍ വേറെ ലെവല്‍; എന്നിട്ടും ഒരു ഉപദേശം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം