ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നാം പേസര്‍ മാത്രം, ഹാര്‍ദിക്കിനെ പോലൊരു ഓള്‍റൗണ്ടറുമല്ല; പറയുന്നത് സാബാ കരീം
ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓള്‍റൗണ്ട് മികവുകൊണ്ട് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു
മുംബൈ: പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ മൂന്നാം സീമറായി മാത്രമേ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടൂവെന്ന് മുന്‍താരവും സെലക്‌ടറുമായിരുന്ന സാബാ കരീം. ടീം ഇന്ത്യയുടെ ആദ്യത്തെയോ രണ്ടാമത്തേയോ പേസ് ഓപ്‌ഷനായി ഠാക്കൂറിന്‍റെ പേര് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ബൗളിംഗ് ഓള്‍റൗണ്ടറായി വളര്‍ത്തണമെന്ന് സാബാ കരീം നിര്‍ദേശിച്ചു. അതേസമയം ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനാക്കാന്‍ കഴിയില്ലെന്നും മുന്‍താരം വ്യക്തമാക്കി.
'ടീമിന് മനോഹരമായി ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് ഷര്‍ദ്ദുല്‍ ഠാക്കൂര്‍. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് ഓള്‍റൗണ്ടറാണ്. ഷര്‍ദ്ദുല്‍ ബൗളിംഗ് ഓള്‍റൗണ്ടറാണ്. അതാണ് പ്രധാന വ്യത്യാസം. ഷര്‍ദ്ദുലിനെ അത്തരത്തില്‍ വളര്‍ത്തിയെടുക്കാനാകും. എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ നമ്പര്‍ 1, 2 ബൗളറായി മാറാന്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനാവില്ല. ടീമിലെ മൂന്നാം പേസര്‍ മാത്രമാണ് അദ്ദേഹം. ഇതിനൊപ്പം ബാറ്റിംഗില്‍ തിളങ്ങാനും കഴിഞ്ഞാല്‍ അത് താരത്തിനും ടീമിനും ഗുണകരമാകും' എന്നും സാബാ കരീം കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഓള്‍റൗണ്ട് മികവുകൊണ്ട് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ട് ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്താനായി താരത്തിന്. ബാറ്റിംഗില്‍ ഇന്ത്യ വമ്പന്‍ തോല്‍വി മണക്കുന്ന സമയത്ത് ക്രീസിലെത്തി നിര്‍ണായകമായ 33 റണ്‍സ് ടീമിന് സമ്മാനിച്ചു. മത്സരത്തില്‍ ടോപ് സ്കോററായ സഞ്ജു സാംസണിനൊപ്പം 93 റണ്‍സിന്‍റെ കൂട്ടുകെട്ട് ഠാക്കൂര്‍ സൃഷ്‌ടിച്ചു. എന്നാല്‍ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 റണ്ണിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിന നാളെ റാഞ്ചിയില്‍ നടക്കും.
ലഖ്‌നൗ വെടിക്കെട്ടിലും രക്ഷയില്ല; സഞ്ജുവിനേക്കാള്‍ കേമന്‍ റിഷഭ് എന്ന് മുന്‍താരം