കത്തിച്ചുകളഞ്ഞല്ലോ പാവങ്ങളെ; ദീപക് ചാഹറിനും അര്‍ഷ്‌ദീപ് സിംഗിനും ആരാധകരുടെ വാഴ്‌ത്തുപാട്ട്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് വീഴ്‌ത്തി സന്ദര്‍ശകരുടെ നെഞ്ചിലേക്ക് ഞെട്ടല്‍ കോരിയിടുകയായിരുന്നു ഇന്ത്യന്‍ പേസര്‍മാരായ ദീപക് ചാഹറും അര്‍ഷ്‌ദീപ് സിംഗും
കാര്യവട്ടം: 2.3 ഓവറില്‍ 9 റണ്‍സിന് അഞ്ച് വിക്കറ്റ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മൈതാനത്തെ ബിഗ് സ്ക്രീനിലെ ഈ ദൃശ്യം ഒരിക്കലും മറക്കാനാവില്ല. അതേസമയം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത കണക്കുകളുമാണിത്. ആദ്യ പന്ത് മുതല്‍ സിക്‌സര്‍ പറത്താനുറച്ച് കാര്യവട്ടത്ത് ബസിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തുടക്കത്തിലെ വെള്ളംകുടിപ്പിച്ചതിന്‍റെ കണക്കാണിത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20യില്‍ ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് വീഴ്‌ത്തി സന്ദര്‍ശകരുടെ നെഞ്ചിലേക്ക് ഞെട്ടല്‍ കോരിയിടുകയായിരുന്നു ഇന്ത്യന്‍ പേസര്‍മാരായ ദീപക് ചാഹറും അര്‍ഷ്‌ദീപ് സിംഗും. പരിചയസമ്പന്നാരായ ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അസാന്നിധ്യത്തില്‍ ഒരു ഉലച്ചിലുമില്ലാതെ ഇരുവരും ടീം ഇന്ത്യക്കായി മിന്നും പ്രകടനം പുറത്തെടുത്തു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വെറും 2.3 ഓവറില്‍ 9 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമാവുകയായിരുന്നു. മത്സരത്തില്‍ കാഴ്‌ചവെച്ച വിസ്‌മയ ബൗളിംഗ് പ്രകടനത്തിന് ദീപക് ചാഹറിനെയും അര്‍ഷ്‌ദീപ് സിംഗിനേയും പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.
ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ തെംബാ ബാവുമയെ(4 പന്തില്‍ 0) ബൗള്‍ഡാക്കി ദീപക് ചാഹറാണ് വിക്കറ്റ് മഴയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തൊട്ടടുത്ത ഓവറില്‍ മൂന്ന് വിക്കറ്റുമായി അര്‍ഷ്‌ദീപ് ഗ്രീന്‍ഫീല്‍ഡില്‍ കൊടുങ്കാറ്റായി. ക്വിന്‍റണ്‍ ഡികോക്ക്(4 പന്തില്‍ 1), റിലീ റൂസ്സോ(1 പന്തില്‍ 0), ഡേവിഡ് മില്ലര്‍(1 പന്തില്‍ 0) എന്നിവരെ അര്‍ഷ് പറഞ്ഞയച്ചു. തൊട്ടടുത്ത ഓവറില്‍ ചാഹര്‍ ട്രിസ്റ്റണ്‍ സ്റ്റംബ്‌സിനേയും(1 പന്തില്‍ 0) മടക്കിയതോടെയാണ് പ്രോട്ടീസ് 9-5 എന്ന ദുരന്ത നിലയിലായത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 20 ഓവറില്‍ 106-8 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ ദീപക് ചാഹര്‍ നാല് ഓവറില്‍ 24ന് രണ്ടും അര്‍ഷ്‌ദീപ് 32ന് മൂന്നും വിക്കറ്റുമായി തിളങ്ങി.
'
'
പവര്‍പ്ലേ പവറായി; പവര്‍ റെക്കോര്‍ഡുമായി ടീം ഇന്ത്യ, ടി20യില്‍ അഞ്ചാം തവണ മാത്രം!