റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍; ലഖ്‌നൗ ഏകദിനത്തില്‍ ആരാധകരെ കാത്തിരിക്കുന്നത്
എട്ട് ഫോറുകള്‍ കൂടി നേടിയാല്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് എല്ലാ ഫോര്‍മാറ്റിലുമായി 250 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാം
ലഖ്‌നൗ: ഒരു ടീം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയില്‍. മറ്റൊരു ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരബാഹുല്യം കൊണ്ട് നിറയുന്ന കാലത്ത് യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള സുവര്‍ണാവസരമാണ് പ്രോട്ടീസിനെതിരായ ഏകദിന പരമ്പര. മികച്ച പ്രകടനത്തിനൊപ്പം ചില നാഴികക്കല്ലുകള്‍ പിന്നിടാന്‍ കൂടി കൊതിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ പലരും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നുമുതല്‍ ഏകദിനങ്ങള്‍ കളിക്കുന്നത്.
എട്ട് ഫോറുകള്‍ കൂടി നേടിയാല്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് എല്ലാ ഫോര്‍മാറ്റിലുമായി 250 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാം. ഇപ്പോള്‍ 242 ഫോറുകളാണ് അയ്യരുടെ പേരിലുള്ളത്. പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറാണ് നാഴികക്കല്ലിന് അരികെ നില്‍ക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. നാല് വിക്കറ്റുകള്‍ നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഷര്‍ദ്ദുലിന്‍റെ വിക്കറ്റ് സമ്പാദ്യം നൂറിലെത്തും. ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ കാത്തും പരമ്പരയില്‍ ചില നേട്ടങ്ങളുണ്ട്. അഞ്ച് വിക്കറ്റ് കൂടി വീഴ്‌ത്തിയാല്‍ പേസര്‍ വെയ്‌ന്‍ പാര്‍നലിന് ഏകദിനത്തില്‍ 100 ഉം ഒരു വിക്കറ്റ് നേടിയാല്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിക്ക് 50 ഉം വിക്കറ്റുകളാകും. ഇന്ത്യക്കെതിരെ ടി20 പരമ്പരയില്‍ മാസ്‌മരിക ഫോമിലായിരുന്ന ഡേവിഡ് മില്ലറും റെക്കോര്‍ഡിന് അരികെയാണ്. 4 സിക്‌സറുകള്‍ നേടിയാല്‍ രാജ്യാന്തര മത്സരങ്ങളില്‍ മില്ലര്‍ക്ക് 200 എണ്ണം തികയും.
ലഖ്‌നൗവില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന് ടോസ് വീഴും. ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കും. മഴ ആശങ്കകള്‍ക്കിടെയാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണുണ്ട്. സഞ്ജു ലഖ്‌നൗവില്‍ കളിക്കാനാണ് സാധ്യത. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയിലെ മികവാണ് സഞ്ജുവിന് തുണ. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ-പ്രോട്ടീസ് ഏകദിന പരമ്പരയിലുള്ളത്.