ഗില്‍ വാഴ്‌ക; കിംഗ് കോലിയുടെ റെക്കോര്‍ഡിന് ഇനി പുതിയ അവകാശി
ഗില്‍ രാജ്യാന്തര ടി20യില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്‍റെ റെക്കോര്‍ഡ് പേരിലാക്കി
അഹമ്മദാബാദ്: ട്വന്‍റി 20 ഫോര്‍മാറ്റിന് പറ്റിയ താരമല്ലെന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയായുള്ള ഇന്നിംഗ്‌സ്. അഹമ്മദാബാദില്‍ ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. മത്സരത്തില്‍ 63 പന്തില്‍ 12 ഫോറും 7 സിക്‌സും സഹിതം പുറത്താവാതെ 126* റണ്‍സ് നേടിയ ഗില്‍ രാജ്യാന്തര ടി20യില്‍ ഒരിന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്‍റെ റെക്കോര്‍ഡ് പേരിലാക്കി. അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം 122* റണ്‍സ് നേടിയ വിരാട് കോലിയെയാണ് ഗില്‍ പിന്തള്ളിയത്. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയാണ്(118) മൂന്നാമത്.
ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ അഹമ്മദാബാദ് ട്വന്‍റി 20യില്‍ ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സാണ് നേടിയത്. 126 റണ്‍സ് നേടിയ ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠിയും(22 പന്തില്‍ 44) ഹാര്‍ദിക് പാണ്ഡ്യയും(17 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(13 പന്തില്‍ 24) തിളങ്ങി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഒരു റണ്ണില്‍ മടങ്ങിയപ്പോള്‍ ഗില്ലിനൊപ്പം ദീപക് ഹൂഡ(2 പന്തില്‍ 2*) പുറത്താവാതെ നിന്നു. 35 പന്തിലാണ് ഗില്‍ 50 തികച്ചത് എങ്കില്‍ പിന്നീടുള്ള 19 പന്തുകളില്‍ താരം മൂന്നക്കം തികച്ചു. ഗില്ലിന്‍റെ കന്നി രാജ്യാന്തര ട്വന്‍റി 20 ശതകമാണിത്.
കിവികള്‍ക്കായി മൈക്കല്‍ ബ്രേസ്‌വെല്ലും ബ്ലെയര്‍ ടിക്‌നെറും ഇഷ് സോധിയും ഡാരില്‍ മിച്ചലും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ഓരോ മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയാണ് ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍.