സഞ്ജുവിന് ഫുട്ബോളും വശം, അങ്കം ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ- വീഡിയോ
ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹലും മലയാളി താരം സഞ്ജു സാംസണും ദീപക് ഹൂഡയും പങ്കുചേര്‍ന്നു
വെല്ലിങ്‌ടണ്‍: ട്വന്‍റി 20 ലോകകപ്പിലെ പരാജയത്തിന് ശേഷം ന്യൂസിലന്‍ഡില്‍ യുവനിരയുമായി തിരിച്ചുവരവിന് കൊതിച്ച ടീം ഇന്ത്യയുടെ ആവേശം ആദ്യ ടി20യില്‍ മഴ കുളമാക്കിയിരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം വെല്ലിങ്‌ടണില്‍ ടോസ് പോലുമിടാനാകാതെയാണ് ഉപേക്ഷിച്ചത്. മത്സരത്തില്‍ മഴ കളിച്ചപ്പോള്‍ ന്യൂസിലന്‍ഡ് ടീം ഫുട്ബോളുമായി സമയം ചിലവഴിച്ചു. ക്രിക്കറ്റിനൊപ്പം ഫുട്ബോളിലും കെയ്‌ന്‍ വില്യംസണ്‍ തന്‍റെ ടച്ച് കാട്ടി.
പിന്നാലെ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹലും മലയാളി താരം സഞ്ജു സാംസണും ദീപക് ഹൂഡയും പങ്കുചേര്‍ന്നു. ചാഹലിനൊപ്പം ഇഷ് സോധി തമാശകള്‍ പങ്കിടുന്നതും കാണാനായി.
മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ആദ്യം ടോസിടാന്‍ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക് എന്നിവര്‍ പരമ്പരയില്‍ ഇന്ത്യന്‍ സ്ക്വാഡിന്‍റെ ഭാഗമല്ല.
ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്: ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), റിഷഭ് പന്ത്(വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
മഴ കളിച്ചു; ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 ഉപേക്ഷിച്ചു