ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചോ? ഇംഗ്ലണ്ടിനെ ന്യായീകരിച്ച് മൈക്കിള്‍ വോണ്‍
ഇംഗ്ലീഷ് താരങ്ങള്‍ തങ്ങളുടെ ഷൂസിന്‍റെ സ്പൈക്ക് ഉപയോഗിച്ച് പന്ത് ഗ്രൗണ്ടിലിട്ട് അമര്‍ത്തി ചവിട്ടിയെന്നാണ് പ്രധാന ആരോപണം.
ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം. മാര്‍ക്ക് വുഡും റോറി ബേണ്‍സുമാണ് വിമര്‍ശിക്കപ്പെടുന്നത്. ഇരുവരും തങ്ങളുടെ ഷൂസിന്‍റെ സ്പൈക്ക് ഉപയോഗിച്ച് പന്ത് ഗ്രൗണ്ടിലിട്ട് അമര്‍ത്തി ചവിട്ടിയെന്നാണ് പ്രധാന ആരോപണം. ഇതോടെ സംഭവം ട്വിറ്ററില്‍ ചര്‍ച്ചയായി. പന്തില്‍ തേയ്മാനം വരുത്താന്‍ ഇരുവരും ശ്രമിച്ചുവെന്ന് സംസാരമുണ്ടായി.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും അഭിപ്രായവുമായി രംഗത്തെത്തി. ''എന്താണ് സംഭവിക്കുന്നത്..?'' എന്നായിരുന്നു സെവാഗിന്റെ ചോദ്യം. ചോപ്രയും ഇതേ ചോദ്യം ആവര്‍ത്തിച്ചു.
എന്നാല്‍ മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കിള്‍ വോണ്‍ ഇംഗ്ലീഷ് താരങ്ങളെ ന്യായീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ക്രിക്ക് ബസിനോട് മുന്‍ ഇംഗ്ലീഷ് നായകന്‍ പറഞ്ഞത് ഇങ്ങനെ - 'ഞാന്‍ ആ രംഗം നേരിട്ട് കണ്ടിട്ടില്ല, അരെങ്കിലും ബോളിന് പ്രശ്നം സൃഷ്ടിക്കുന്നതും ശ്രദ്ധിച്ചില്ല. ഒരു ചിത്രം ഉപയോഗിച്ച് രംഗം മോശമായി ചിത്രീകരിച്ചതാകാം. ഒരു കാര്യം പറയാന്‍ സാധിക്കും. ഇംഗ്ലണ്ട് അങ്ങനെയൊരു കൃത്രിമത്തിന് ശ്രമിച്ചാല്‍, പിന്നെ ആ ബോള്‍ ഒരിഞ്ച് എറിയാന്‍ സാധിക്കില്ല. കാരണം അവര്‍ക്ക് ആ പണി അറിയില്ല. അതിനാല്‍ അത്തരം ഒരു കാര്യം നടന്നുകാണില്ല.
മത്സരത്തിന് ശേഷം ഞാന്‍ ആ ദൃശ്യങ്ങള്‍ വീണ്ടും കാണും, ഇംഗ്ലണ്ട് ഇത്തരം ഒരു കാര്യം നടത്തിയോ എന്ന് പരിശോധിക്കും. അത്തരം ഒരു കാര്യം നടന്ന് കാണില്ല. അതേ സമയം ഒരു ഫോട്ടോ വച്ച് ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കുന്നത് നല്ല കാര്യമല്ല.
ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് ഇതിനെ ഇന്ത്യന്‍ ടീം ഗൗരവമായി കാണുന്നില്ലെന്ന് പറഞ്ഞുകഴിഞ്ഞു. പിന്നെ എന്താണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ക്ക് ഇത്ര താല്‍പ്പര്യം. എന്താണ് ആ നിമിഷം നടന്നത് എന്നത് സംബന്ധിച്ച് യഥാര്‍ത്ഥ ചിത്രം നല്‍കാന്‍ ഒരിക്കലും ഒരു ഫോട്ടോയ്ക്ക് സാധിക്കില്ല" - മൈക്കിള്‍ വോണ്‍ അവസാനിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona