അദ്ദേഹം ക്ലാസിക് താരം, ഓസീസിന് ഭീഷണിയാവും; തുറന്നുസമ്മതിച്ച് പാറ്റ് കമ്മിന്‍സ്
വിരാട് കോലി ഓസീസിനൊരു ഭീഷണിയാവുമെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് സ്റ്റാർ പേസർ പാറ്റ് കമ്മിന്‍സ്
മൊഹാലി: ടി20 ലോകകപ്പിന് മുമ്പ് ലോക ക്രിക്കറ്റിലെ രണ്ട് പവർഹൌസുകള്‍ നേർക്കുനേർ വരികയാണ് ഇന്ത്യ-ഓസീസ് പരമ്പരയിലൂടെ. സെപ്റ്റംബർ 20നാണ് മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയില്‍ എന്തായാലും ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി ഓസീസിനൊരു ഭീഷണിയാവുമെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് സ്റ്റാർ പേസർ പാറ്റ് കമ്മിന്‍സ്.
ഏഷ്യാ കപ്പില്‍ വിരാട് കോലി സെഞ്ചുറി നേടുന്നത് ഞാന്‍ കണ്ടു. അദ്ദേഹമൊരു ക്ലാസിക് താരമാണ്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ കോലി ഫോമിലെത്തുമെന്ന് ഇറപ്പാണ്. വരും ആഴ്ചയില്‍ കോലി ഞങ്ങള്‍ക്കൊരു ഭീഷണിയായിരിക്കും എന്നുമാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുമ്പ് കമ്മിന്‍സിന്‍റെ വാക്കുകള്‍. സെപ്റ്റംബർ 20ന് മൊഹാലി, 23ന് നാഗ്പൂർ, 25ന് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരമ്പരയിലെ മൂന്ന് ടി20കള്‍.
സെഞ്ചുറി കണ്ടെത്തുന്നില്ല എന്ന വിമർശനങ്ങള്‍ക്ക് ഏഷ്യാ കപ്പിലൂടെ അറുതിവരുത്തി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോലി. സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങി 61 പന്തില്‍ 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122* റണ്‍സെടുക്കുകയായിരുന്നു കിംഗ് കോലി. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകവും 71-ാം രാജ്യാന്തര സെഞ്ചുറിയുമാണിത്. ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും 276 റണ്‍സുമായി കോലി ടൂർണമെന്‍റിലെ രണ്ടാമത്തെ ഉയർന്ന റണ്‍വേട്ടക്കാരനായി മാറിയിരുന്നു.
ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.
ടി20 ലോകകപ്പില്‍ ഇന്ത്യക്ക് മൂന്നാം ഓപ്പണർ; പേരുമായി രോഹിത് ശർമ്മ