ഡികെ/റിഷഭ്, ഹൂഡ/അക്‌സര്‍; ഓസീസിനെതിരായ ആദ്യ ടി20യില്‍ ആര് കളിക്കുമെന്ന സൂചന പുറത്ത്
ഓസീസിനെതിരായ ആദ്യ ടി20യില്‍ ദിനേശ് കാര്‍ത്തിക്കും ദീപക് ഹൂഡയും പ്ലേയിംഗ് ഇലവനിലെത്തില്ലെന്ന് സൂചന
മൊഹാലി: ഏഷ്യാ കപ്പില്‍ കേട്ട പഴികള്‍ ഒരു ഭാഗത്ത്, മറുവശത്ത് തൊട്ടടുത്ത് നില്‍ക്കുന്ന ടി20 ലോകകപ്പ്! ഓസ്‌ട്രലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ന് ആരെയൊക്കെ കളിപ്പിക്കും എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഇന്‍സൈഡ്‌സ്പോര്‍ട് പുറത്തുവിട്ട സൂചനകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിനും ദീപക് ഹൂഡയ്ക്കും ഇന്ന് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചേക്കില്ല.
ആദ്യ ടി20യില്‍ ഏറെ മാറ്റങ്ങള്‍ക്ക് ടീം മുതിര്‍ന്നേക്കും എന്നാണ് സൂചന. ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ഡികെയും ഹൂഡയും പ്ലേയിംഗ് ഇലവന് പുറത്താകും. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ഇരുവര്‍ക്കും നഷ്ടമായിരുന്നു. ദിനേശ് കാര്‍ത്തിക് പുറത്താകുന്നതോടെ റിഷഭ് പന്ത് മാത്രമായിരിക്കും ഇലവനിലെ ഏക സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ടി20 ഫോര്‍മാറ്റിലെ മികവില്‍ ഏറെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും റിഷഭിനെ പല ബാറ്റിംഗ് സ്ഥാനങ്ങളില്‍ ഉപയോഗിക്കാന്‍ ടീം ശ്രമിച്ചേക്കും ഇതുവഴി. ദീപക് ഹൂഡയെ മറികടന്ന് അക്‌സര്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നതാണ് ആകാംക്ഷ ജനിപ്പിക്കുന്ന മറ്റൊരു പ്രധാന സൂചനയായി പുറത്തുവന്നിരിക്കുന്നത്. പരമ്പരയുടെ വേദി ഇന്ത്യയാണെന്നത് അക്‌സറിന് മുന്‍തൂക്കം നല്‍കും.
അതേസമയം പരിക്ക് മാറിയെത്തുന്ന പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഇന്നിറങ്ങും. ബുമ്രയ്ക്കും ഹര്‍ഷലിനൊപ്പം ഭുവനേശ്വര്‍ കുമാറാവും പേസറായി എത്തുക. അങ്ങനെയെങ്കില്‍ അര്‍ഷ്‌ദീപ് സിംഗിന് ബഞ്ചിലാവും നിരയിലാവും സ്ഥാനം. പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് കളിക്കുമെന്നുറപ്പാണ്.
ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര.
ആദ്യ ടി20: കണക്കുകളില്‍ സന്തോഷിക്കാം; ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ ടീം ഇന്ത്യ