എന്ത് വിധിയിത്, വല്ലാത്ത ചതിയിത്; റുതുരാജ് ഗെയ്‌ക്‌വാദ് നാണക്കേടിന്‍റെ റെക്കോര്‍ഡില്‍

ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് യശ്വസി ജയ്‌സ്വാളുമൊത്തുള്ള ഓട്ടത്തിനിടെ റുതുരാജ് റണ്ണൗട്ടായത്

IND vs AUS 1st T20I Ruturaj Gaikwad created unwanted record after diamond duck at Visakhapatnam

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഒരു പന്ത് പോലും നേരിടാതെ പുറത്തായതോടെ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. നോണ്‍സ്‌ട്രൈക്ക് എന്‍ഡിലായിരുന്ന റുതു ഒറ്റ പന്ത് പോലും നേരിടും മുമ്പ് റണ്ണൗട്ടാവുകയായിരുന്നു. രാജ്യാന്തര ട്വന്‍റി 20യില്‍ ഡയമണ്ട് ഡക്കാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്ന നാണക്കേട് ഇതോടെ റുതുരാജിന്‍റെ പേരിലായി. അമിത് മിശ്രയും ജസ്‌പ്രീത് ബുമ്രയുമാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ഡയമണ്ട് ഡക്കായത്. ബുമ്ര ശ്രീലങ്കയ്‌ക്കെതിരെ പൂനെയില്‍ 2016ലും മിശ്ര 2017ല്‍ ഇംഗ്ലണ്ടിനെതിരെ നാഗ്‌പൂരിലുമാണ് രാജ്യാന്തര ടി20യില്‍ ഡയമണ്ട് ഡക്കായത്. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് യശ്വസി ജയ്‌സ്വാളുമൊത്തുള്ള ഓട്ടത്തിനിടെ റുതുരാജ് റണ്ണൗട്ടായത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ട്വന്‍റി 20യില്‍ തിരിച്ചുവരവാണ് ഇനി റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ടി20 ലോകകപ്പിന് മുമ്പ് കൃത്യമായ ടീം ഘടന കണ്ടുപിടിക്കുകയാണ് ഓസീസിനെതിരായ പരമ്പരയിലൂടെ ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനാല്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലൂടെ മികച്ച തിരിച്ചുവരവ് റുതുരാജിന് ആവശ്യമാണ്. 

വിശാഖപട്ടണം വേദിയായ ആദ്യ ട്വന്‍റി 20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. സ്കോര്‍: ഓസ്‌ട്രേലിയ- 208/3 (20), ഇന്ത്യ- 209/8 (19.5). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്‍റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ 42 പന്തില്‍ 80 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 39 പന്തില്‍ 58 റണ്‍സുമായി ഇഷാന്‍ കിഷനും തിളങ്ങി. അവസാന ഓവറില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ സിക്‌സുമായി റിങ്കു സിംഗ് ഇന്ത്യക്ക് ത്രില്ലര്‍ ജയം ഒരുക്കുകയായിരുന്നു. റിങ്കു 14 പന്തില്‍ 22* റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

Read more: സൂര്യ നയിച്ചു, ഇഷാന്റെ പിന്തുണ, റിങ്കുവിന്‍റെ ഹീറോയിസം! ടി20യില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios