അതൊരു രഹസ്യമാണ്, എന്തിന് ഇവിടെ പറയണം; രസകരമായ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ
ആദ്യ ഏകദിനത്തില്‍ 10 ഓവര്‍ എറിയുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന് അറിയേണ്ടിയിരുന്നത്
മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. മുംബൈയിലെ വാംഖഢെയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യ ഏകദിനം ആരംഭിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രസകരമായിരുന്നു ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം. പാണ്ഡ്യ 10 ഓവര്‍ ക്വാട്ടയും മുംബൈ ഏകദിനത്തില്‍ എറിയുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.
ആദ്യ ഏകദിനത്തില്‍ 10 ഓവര്‍ എറിയുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന് അറിയേണ്ടിയിരുന്നത്. അതൊരു രഹസ്യമാണ്. അതെന്തിന് ഞാനിവിടെ പറയണം. സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഞാന്‍ ചെയ്യും. കൂടുതല്‍ ഓവറുകള്‍ എറിയേണ്ടത് ആവശ്യമെങ്കില്‍ എറിയാന്‍ സന്നദ്ധനാണ് എന്നും ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യും എന്നും പാണ്ഡ്യ വ്യക്തമാക്കി. അടുത്തിടെ ഏകദിന ഫോര്‍മാറ്റില്‍ ഇരുവരും ഡബിള്‍ സെഞ്ചുറി നേടിയിരുന്നു.
ആദ്യ ഇലവനിൽ മറ്റാരൊക്കെയുണ്ടാകുമെന്ന് ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയിട്ടില്ല. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഉറപ്പാണ്. വാങ്കഢെയിലേത് ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ ബാറ്റിംഗ് കൂടി പരിഗണിച്ച് ഷര്‍ദ്ദുൽ താക്കൂറിന് നറുക്ക് വീണേക്കും. രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‍വേന്ദ്ര ചഹൽ എന്നിവരിൽ ആരെത്തുമെന്നതിലാണ് ആകാംഷ. പരിക്ക് മാറി ഡേവിഡ് വാര്‍ണര്‍, മിച്ചൽ മാര്‍ഷ്, ഗ്ലെൻ മാക്‌സ്‌വെല്‍ എന്നിവര്‍ കൂടി എത്തുന്നതോടെ കങ്കാരുക്കളും കരുത്തുറ്റ നിരയാകും.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
ഓസീസിനെതിരായ ആദ്യ ഏകദിനം; ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ