'ഇതെന്താ പാകിസ്ഥാന്‍ സ്മോക്കിംഗ് ലീഗോ', പിഎസ്എല്‍ ഫൈനലിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് പുകവലിച്ച് പാക് താരം

മത്സരത്തില്‍ നാലോവറില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിം ബൗളിംഗില്‍ തിളങ്ങിയിരുന്നു.

Imad Wasim smoking in dressing room During PSL Final Triggers Severe Backlash

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ഇസ്ലാമാബാദ് യുനൈറ്റഡും മുള്‍ട്ടാന്‍ സുല്‍ത്താന്‍സും തമ്മിലുള്ള കിരീടപ്പോരാട്ടത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് പുകവലിച്ച് പാക് താരം ഇമാദ് വാസിം. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഇന്നിംഗ്സിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് പുകവലിക്കുന്ന ഇമാദ് വാസിമിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇതെന്താ പാകിസ്ഥാന്‍ സ്മോക്കിംഗ് ലീഗാണോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി.

മത്സരത്തില്‍ നാലോവറില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിം ബൗളിംഗില്‍ തിളങ്ങിയിരുന്നു. മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഇന്നിംഗ്സിലെ പതിനേഴാം ഓവര്‍ എറിഞ്ഞ ശേഷം ഇമാദ് വാസിംഗ് ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയിരുന്നു. അവസാന മൂന്നോവറില്‍ പകരക്കാരന്‍ ഫീല്‍ഡറാണ് ഇമാദ് വാസിമിനായി ഗ്രൗണ്ടിലിറങ്ങിയത്. ഇമാദ് വാസിം ഗ്രൗണ്ട് വിടുമ്പോള്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 17 ഓവറില്‍ 127-9 എന്ന സ്കോറിലയിരുന്നു. അവസാന ഓവറിലെ 18 റണ്‍സ് അടക്കം അവസാന വിക്കറ്റില്‍ 32 റണ്‍സെടുത്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 159 റണ്‍സിലെത്തുകയും ചെയ്തു.

ഐപിഎൽ ഫൈനലിന്‍റെ തനിയാവര്‍ത്തനമായി പിഎസ്എല്‍ ഫൈനലും, അവസാന പന്തില്‍ ബൗണ്ടറി; ഇസ്ലാബാമാബാദ് യുണൈറ്റഡിന് കിരീടം

35കാരനായ ഇമാദ് വാസിം നേരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിഎസ്എല്ലിന്‍റെ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ വിരമിക്കല്‍ പിന്‍വലിച്ച് ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുകവലി വിവാദം വരുന്നത്. ഇന്നലെ നടന്ന പി എസ് എല്‍ ഫൈനലില്‍ ഹുനൈന്‍ ഷായുടെ അവസാന പന്തിലെ ബൗണ്ടറിയുടെ സഹായത്തിലാണ് മുഹമ്മദ് റിസ്‌വാന്‍റെ നേതൃത്വത്തിലിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ അവസാന പന്തില്‍ വീഴ്ത്തി ഷദാബ് ഖാന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇസ്ലാമാബാദ് യുനൈറ്റഡ് മൂന്നാം പി എസ് എല്‍ കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios