'ഞാനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കിൽ ഇതായിരിക്കും അവന്‍റെ അവസാന ടെസ്റ്റ്', രോഹിത് ശർമയെക്കുറിച്ച് മാര്‍ക്ക് വോ
ടെസ്റ്റ് കരിയര്‍ നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മെല്‍ബണിലെ രണ്ടാം ഇന്നിംഗ്സായിരിക്കും അവസാന അവസരമെന്ന് താന്‍ രോഹിത്തിനോട് പറയുമായിരുന്നുവെന്നും മാര്‍ക്ക് വോ.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ദിനത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത ഓസ്ട്രേലിയക്ക് ഇപ്പോള്‍ ആകെ 333 റണ്‍സിന്‍റെ ലീഡുണ്ട്. അവസാന ദിനം 350ന് അടുത്ത വിജയലക്ഷ്യമായിരിക്കും ഓസീസ് ഇന്ത്യക്ക് മുന്നില്‍ വെക്കുക. ഇന്ത്യൻ ബാറ്റിംഗ് നിര ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതായിരിക്കും മത്സരഫലവും പരമ്പരയുടെ ഗതിയും നിര്‍ണയിക്കുക.
അപ്രവചനീയ ബൗണ്‍സുള്ള മെല്‍ബണ്‍ പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുക്കാന്‍ ഇന്ത്യൻ ബാറ്റിംഗ് നിര നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ഫോമിലല്ലാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും ഓപ്പണറായി ഇറങ്ങി പരാജയപ്പെടുകയും ഇന്ത്യ മത്സരം തോല്‍ക്കുകയും ചെയ്താല്‍ അത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കും. ഇതിനിടെ താനായിരുന്നു ഇന്ത്യൻ സെലക്ടറെങ്കില്‍ മെല്‍ബണിലെ രണ്ടാം ഇന്നിംഗ്സിലും രോഹിത് പരാജയപ്പെട്ടാല്‍ വിരമിക്കാന്‍ ആവശ്യപ്പെടുമെന്ന് തുറന്നുപറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ.
ടെസ്റ്റ് കരിയര്‍ നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മെല്‍ബണിലെ രണ്ടാം ഇന്നിംഗ്സായിരിക്കും അവസാന അവസരമെന്ന് താന്‍ രോഹിത്തിനോട് പറയുമായിരുന്നുവെന്നും മാര്‍ക്ക് വോ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കളിച്ച 14 ഇന്നിംഗ്സുകളില്‍ 155 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരേയൊരു തവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. ഈ സാഹചര്യത്തില്‍ മെല്‍ബണിലെ രണ്ടാം ഇന്നിംഗ്സിലും രോഹിത് പരാജയപ്പെട്ടാല്‍ രോഹിത്തിനെ പുറത്താക്കി സിഡ്നിയില്‍ ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കണമെന്ന് മാര്‍ക്ക് വോ പറഞ്ഞു.
ഞാനായിരുന്നു ഈ സമയം ഇന്ത്യൻ സെലക്ടറെങ്കില്‍ രോഹിത് ശര്‍മക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുമായിരുന്നു. മെല്‍ബണിലെ രണ്ടാം ഇന്നിംഗ്സാണ് ടെസ്റ്റ് കരിയര്‍ തുടരാനുള്ള അവസാന അവസരം. അതിലും നിങ്ങള്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒരു അവസരമുണ്ടാകില്ല. രോഹിത്, താങ്കള്‍ മഹാനായ കളിക്കാരനാണ്, ഇന്ത്യൻ ടീമീന് ഇതുവരെ താങ്കൾ നല്‍കിയ മഹത്തായ സേവനത്തിന് നന്ദി, ഞങ്ങള്‍ സിഡ്നിയില്‍ ബുമ്രയെ നായകനാക്കുകയാണ്, താങ്കൾക്കിനി വിരമിക്കാമെന്ന് തുറന്നുപറയുമായിരുന്നുവെന്ന് മാര്‍ക്ക് വോ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു. സിഡ്നിയില്‍ രോഹിത്തിനെ മാറ്റി ജസ്പ്രീത് ബുമ്രയെ നായകനാക്കുമെന്നും വോ പറഞ്ഞു.
സ്റ്റീവ് സ്മിത്ത് വീണത് വിരാട് കോലി ഒരുക്കിയ കെണിയില്‍, പിന്നാലെ തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ
കഴിഞ്ഞ 14 ഇന്നിംഗ്സുകളില്‍ 11 മാത്രമാണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി. രോഹിത്തിന്‍റെ നല്ലകാലം കഴിഞ്ഞുവെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണത്. ഇത് മഹാന്‍മാരായ എല്ലാ കളിക്കാര്‍ക്കും സംഭവിക്കുന്നതാണെന്നും വോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക