'അങ്ങനെ സംഭവിച്ചാൽ സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ രോഹിത് സ്ഥാനമൊഴിയും'; പ്രവചനവുമായി ഗവാസ്കർ
അവസാനം കളിച്ച 13 ഇന്നിംഗ്സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിലും ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കില്‍ രോഹിത് ശര്‍മ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ ഇക്കാര്യത്തില്‍ രോഹിത് സ്വയം തീരുമാനമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്കര്‍ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത രണ്ട് ടെസ്റ്റുകളില്‍ കൂടി രോഹിത്തിന് ഫോമിലേക്ക് തിരിച്ചെത്താൻ അവസരമുണ്ട്. അതിന് കഴിയുന്നില്ലെങ്കില്‍ രോഹിത് സ്വയം ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ നന്‍മ ആഗ്രഹിക്കുന്ന കളിക്കാരനാണ് രോഹിത്. അതുകൊണ്ട് തന്നെ ടീമിനൊരു ഭാരമായി തുടരാന്‍ അവന്‍ ആഗ്രഹിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ അടുത്ത രണ്ട് കളികളിലും റണ്‍സടിക്കാനായില്ലെങ്കില്‍ രോഹിത് സ്വയം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്-ഗവാസ്കര്‍ പറഞ്ഞു.
അവസാനം കളിച്ച 13 ഇന്നിംഗ്സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത്തിന്‍റെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ തിളങ്ങിയതോടെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റിംഗിനിറങ്ങിയത്.
ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിലും രാഹുല്‍ ഓപ്പണറായി 84 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായതോടെ മെല്‍ബണിലും രോഹിത് മധ്യനിരയില്‍ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെല്‍ബണിലും ബാറ്റിംഗില്‍ ഫോമിലാവാനായില്ലെങ്കില്‍ രോഹിത്തിന്‍റെ വിരമിക്കലിനായി മുറവിളി ഉയരുമെന്നുറപ്പാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും മോശം പ്രകടനങ്ങളുടെ പേരില്‍ വിരാട് കോലിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക