ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: പാകിസ്ഥാന് ഇതിലും വലിയ നാണക്കേടില്ല, സ്ഥാനം ബംഗ്ലാദേശിനും വിന്‍ഡീസിനും താഴെ
ഒന്നില്‍ പോലും പാകിസ്ഥാന് ജയിക്കാനായില്ല. ബംഗ്ലാദേശിനോട് ഉള്‍പ്പടെ ഏഴ് തോല്‍വി. നാല് സമനില.
ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ വമ്പന്‍ തോല്‍വിയോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാകിസ്ഥാന്‍. ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നാണംകെടുത്തിയത് ഇന്നിംഗ്‌സിനും 47 റണ്‍സിനുമാണ്. ആദ്യ ഇന്നിംഗ്‌സില്‍ 500 റണ്‍സിലേറെ നേടിയിട്ടും ഇന്നിംഗ്‌സ് തോല്‍വി നേരിടുന്ന ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ടീമുമായി പാകിസ്ഥാന്‍. 2022 മുതല്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ കളിച്ചത് പതിനൊന്ന് ടെസ്റ്റില്‍.
ഒന്നില്‍ പോലും പാകിസ്ഥാന് ജയിക്കാനായില്ല. ബംഗ്ലാദേശിനോട് ഉള്‍പ്പടെ ഏഴ് തോല്‍വി. നാല് സമനില. ഇതോടെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എട്ട് ടെസ്റ്റില്‍ പാകിസ്ഥാന് നേടാനായത് പതിനാറ് പോയിന്റ് മാത്രം. ഒന്‍പത് ടെസ്റ്റില്‍ 20 പോയിന്റുള്ള വെസ്റ്റ് ഇന്‍ഡീസാണ് തൊട്ടുമുന്നില്‍. 11 ടെസ്റ്റില്‍ എട്ടിലും ജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 98 പോയിന്റ്. പന്ത്രണ്ട് ടെസ്റ്റില്‍ എട്ട് ജയത്തോടെ 90 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.
ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് തുടര്‍ന്നുള്ളസ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്തവര്‍ഷം ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
മുള്‍ട്ടാന്‍ ടെസ്റ്റില്‍ നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 556നെതിരെ ഇംഗ്ലണ്ട് ഏഴിന് 823 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (317), ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് (262) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റൂട്ട്, ബ്രൂക്ക് എന്നിവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (84), സാക് ക്രൗളി (78) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജാമി സ്മിത്ത് (31), ആറ്റ്കിന്‍സണ്‍ (2), ഒല്ലി പോപ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രിസ് വോക്സ് (17), കാര്‍സെ (9) എന്നിവര്‍ പുറത്താവാതെ നിന്നു.