വരുന്ന ടി20 ലോകകപ്പില്‍ ആരൊക്കെ തിളങ്ങും? ഇന്ത്യന്‍ താരമടക്കമുള്ള അഞ്ച് പേരുടെ പട്ടിക പുറത്തുവിട്ട് ഐസിസി
കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ മാറിയിരുന്നു. സീസണില്‍ 732 റണ്‍സാണ് സൂര്യ നേടിയത്. ഈ പ്രകടനം തന്നെയാണ് ഐസിസിയുടെ പ്രവചനത്തിന് ആധാരം.
ദുബായ്: ടി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യ മുന്നൊരുക്കത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍- ഇംഗ്ലണ്ട് പരമ്പര ഒരുവശത്ത് നടക്കുന്നുണ്ട്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കാനിരിക്കുന്നു. ഇതിനിടെ, ടി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. ഇന്ത്യന്‍ മധ്യനിര താരം സൂര്യകുമാര്‍ യാദവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ മാറിയിരുന്നു. സീസണില്‍ 732 റണ്‍സാണ് സൂര്യ നേടിയത്. ഈ പ്രകടനം തന്നെയാണ് ഐസിസിയുടെ പ്രവചനത്തിന് ആധാരം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യില്‍ 33 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചെടുത്തും താന്‍ മിന്നും ഫോമില്‍ തന്നെയാണെന്ന സൂചന സൂര്യകുമാര്‍ നല്‍കുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ സൂര്യ ടീമിലുണ്ടായിരുന്നു. എന്നാല്‍ തിളങ്ങാനായിരുന്നില്ല. നാല് ഇന്നിംഗ്‌സില്‍ നിന്ന് 42 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. പിന്നീട് ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാമനായിട്ടാണ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. യുഎഇ ലോകകപ്പില്‍ വാര്‍ണര്‍ 289 റണ്‍സ് നേടിയിരുന്നു. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ വാര്‍ണര്‍ കൂടുതല്‍ അപകടകാരിയായിരിക്കുമെന്നാണ് ഐസിസിയുടെ പ്രവചനം. ശ്രീലങ്കന്‍ വാനിന്ദു ഹസരങ്ക, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുതാരങ്ങള്‍.
ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് റിസ്‌വാന്‍. അഞ്ച് ഇന്നിംഗിസില്‍ നിന്ന് 315 റണ്‍സാണ് റിസ്‌വാന്‍ നേടിയത്. അതും 140.62 സ്‌ട്രൈക്ക് റേറ്റില്‍. 78.75 റണ്‍സാണ് ബാറ്റിംഗ് ശരാശരി. കഴിഞ്ഞ ടി20 ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഹസരങ്കയായിരുന്നു മുന്‍പില്‍. 16 വിക്കറ്റ് ആണ് യുഎഇയില്‍ ലങ്കന്‍ സ്പിന്നര്‍ പിഴുതത്.
ആരാണ് കേമന്‍? ഹാര്‍ദിക്കോ സ്റ്റോക്‌സോ; മറുപടിയുമായി ജാക്ക് കാലിസ്