ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലിനിറങ്ങുന്ന ഇന്ത്യക്ക് ആശ്വാസം! ഫീല്‍ഡ് അംപയറായി ഇത്തവണ കെറ്റില്‍ബറോ ഇല്ല
ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ ആറ് തവണയാണ് കെറ്റില്‍ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. ആറിടത്തും ഇന്ത്യക്ക് നിരാശ.
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനലിനുള്ള അംപയര്‍മാരെ പ്രഖ്യാപിച്ച് ഐസിസി. ന്യൂസിലന്‍ഡില്‍ നിന്നുള്ള ക്രിസ് ഗഫാനി, ഇംഗ്ലണ്ടുകാരനായ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നിവരാണ് മത്സരം നിയന്ത്രിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ എപ്പോഴും എതിര്‍പ്പോടെ കാണുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോ ടി വി അംപയറാണ്. റോഡ്‌നി ടക്കറാണ് ഫോര്‍ത്ത് അംപയര്‍. കെറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്.
ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ ആറ് തവണയാണ് കെറ്റില്‍ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. ആറിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിന്. തൊട്ടടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമി. അന്ന് ഓസ്ട്രേലിയക്ക് മുന്നില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റില്‍ബെറോ. അന്നും ഇന്ത്യ തോറ്റു. 2017ല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍. പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.
2019 ലോകകപ്പില്‍ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ കെയ്ന്‍ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരില്‍ ഒരാള്‍ കെറ്റില്‍ബെറോ. അന്ന് മറ്റൊരു അംപയര്‍ ഇല്ലിങ്വര്‍ത്തായിരുന്നു. അവസാനത്തേത് 2023 ഏകദിന ലോകകപ്പ് ഫൈനലായിരുന്നു. അന്ന് ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍ കെറ്റില്‍ബറോ ഫീല്‍ഡിലുണ്ടായിരുന്നു. ഇല്ലിങ്‌വര്‍ത്തും അന്ന് കൂടെയുണ്ടായിരുന്നു. എന്തായാലും ഇത്തവണ കെറ്റില്‍ബറോ ഫീല്‍ഡില്‍ ഇല്ലെന്നുള്ളതോര്‍ത്ത് ഇന്ത്യക്ക് ആശ്വസിക്കാം.
അതേസമയം, കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇല്ലിങ്വര്‍ത്ത്. 1992, 96 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീമില്‍ സ്പിന്നറായിരുന്നു ഇല്ലിങ്വര്‍ത്ത്. 1996 ലോകകപ്പില്‍ ജയിച്ച ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന കുമാര്‍ ധര്‍മ്മസേന, കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചിരുന്നു.