ഭാഗ്യം, ഇന്ത്യയെ 'പുറത്താക്കാന്‍' ഇത്തവണ അമ്പയറായി കെറ്റില്‍ബറോ ഇല്ല; സെമി പോരാട്ടങ്ങള്‍ക്കുള്ള അമ്പയര്‍മാരായി
മറൈ ഇറാസ്മസും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ് പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ആദ്യ സെമിയിലെ ഫീല്‍ഡ് അമ്പയര്‍മാര്‍. റിച്ചാര്‍ഡ് കെറ്റില്‍ബറോ ആണ് ഈ മത്സരത്തില്‍ തേര്‍ഡ് അമ്പയര്‍. മൈക്കല്‍ ഗഫ് നാലാം അമ്പയറാകുമ്പോള്‍ ക്രിസ് ബ്രോഡ് മാച്ച് റഫറിയാകും.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം നിയന്ത്രിക്കാനുള്ള മാച്ച് ഒഫീഷ്യല്‍സുകളെ ഐസിസി പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേനയും ഓസ്ട്രേലിയയുടെ പോള്‍ റൈഫലും ചേര്‍ന്ന് മത്സരം നിയന്ത്രിക്കും. ക്രിസ് ഗഫാനിയാകും മത്സരത്തിലെ തേര്‍ഡ് അമ്പയര്‍. റോഡ് ടക്കര്‍ ഫോര്‍ത്ത് അമ്പയറാകുമ്പോള്‍ ഡേവിഡ് ബൂണ്‍ ആണ് മാച്ച് റഫറി.
മറൈ ഇറാസ്മസും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ് ബുധനാഴ്ച നടക്കുന്ന പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് ആദ്യ സെമിയിലെ ഫീല്‍ഡ് അമ്പയര്‍മാര്‍. റിച്ചാര്‍ഡ് കെറ്റില്‍ബറോ ആണ് ഈ മത്സരത്തില്‍ തേര്‍ഡ് അമ്പയര്‍. മൈക്കല്‍ ഗഫ് നാലാം അമ്പയറാകുമ്പോള്‍ ക്രിസ് ബ്രോഡ് മാച്ച് റഫറിയാകും.
അതേസമയം, ഐസിസി മാച്ച് ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചതിന് പിന്നാലെ 2014നുശേഷം റിച്ചാര്‍ഡ് കെറ്റില്‍ബറോ അമ്പയറായിരുന്നിട്ടുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റുവെന്ന ചരിത്രം ചൂണ്ടിക്കാട്ടി ഇത്തവണ കെറ്റില്‍ ബറോ ഇല്ലാത്തതത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ശ്രീലങ്ക കിരീടം നേടുമ്പോഴും 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുമ്പോഴും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാന് തോല്‍ക്കുമ്പോഴും 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റപ്പോഴുമെല്ലാം ഫീല്‍ഡ് അമ്പയര്‍മാരിലൊരാള്‍ കെറ്റില്‍ബറോ ആയിരുന്നു എന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ ഒരേയൊരു മത്സരത്തിലും കെറ്റില്‍ബറോ ആയിരുന്നു ഒരു അമ്പയര്‍.
ഇന്ത്യ-ഇംഗ്ലണ്ട് സെമി, അഡ്‌ലെയ്ഡിലെ കാലാവസ്ഥ പ്രവചനം, മഴ പെയ്യും; പക്ഷെ...
ലോകകപ്പില്‍ ഇന്ത്യക്ക് അനുകൂലമായി പക്ഷപാതപരമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് ഒരുവിഭാഗം പാക് ആരാധകര്‍ മറൈ ഇറാസ്മസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ അവസാന ഓവറില്‍ നോബോള്‍ വിളിച്ചതും ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം മുടങ്ങിയശേഷം ഉടന്‍ പുനരാരംഭിച്ചതും ഇറാസ്മസ് ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നായിരുന്നു ആരോപണം. അതേ ഇറാസ്മസ് ആണ് പാക്-ന്യൂസിലന്‍ഡ് സെമിയിലെ ഒരു ഫീല്‍ഡ് അമ്പയര്‍.