പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരേ സമ്മാനത്തുക! ലോകകപ്പിലും ലിംഗനീതി നടപ്പാക്കി ചരിത്രം കുറിച്ച് ഐസിസി
ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐസിസി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു.
ദുബായ്: ലിംഗനീതിയില്‍ ചരിത്രം കുറിക്കാന്‍ ഐസിസി. പുരുഷ - വനിത ലോകകപ്പുകളില്‍ ഒരേ സമ്മാനത്തുക നല്‍കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ നടപ്പാക്കും. വിജയിക്കുന്ന ടീമിന് 19.6 കോടി രൂപ നല്‍കും. 2023 ലോകകപ്പില്‍ 8.37 കോടി രൂപ ആയിരുന്നു സമ്മാനത്തുക. ഇതോടെ തുല്യ സമ്മാനത്തുക ഏര്‍പ്പെടുത്തുന്ന ആദ്യ കായികയിനമായി ക്രിക്കറ്റ് മാറും. ഒക്ടോബര്‍ 3 മുതല്‍ യുഎഇയിലാണ് വനിതാ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. ദീര്‍ഘ നാളായി പല കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യമാണ് ഐസിസി ഇപ്പോള്‍ അംഗീകരിക്കുന്നത്. നേരത്തെ ബിസിസിഐ പുരുഷ - വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയയാണ് നിലവില്‍ വനിതാ ടി20 ലോകകപ്പ് ജേതാക്കാള്‍. ബംഗ്ലാദേശില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് നേരത്തെ ഐസിസി ദുബായിലേക്കും ഷാര്‍ജയിലേക്കും മാറ്റിയിരുന്നു. നിരവധി വിദേശ താരങ്ങള്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ നിന്ന് അവസാന നിമിഷം ലോകകപ്പ് വേദി മാറ്റാന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇതോടെ മത്സരക്രമവും പുന:ക്രമികരിക്കേണ്ടി വന്നിരുന്നു. മത്സരങ്ങളുടെ തീയതികളില്‍ മാത്രമാണ് ഐസിസി മാറ്റം വരുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിനാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഒക്ടോബര്‍ ആറിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ദുബായിലും ഷാര്‍ജയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക. ഗ്രപ്പുകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയായിരിക്കും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ് ടീമുകളാണുള്ളത്.
ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും. നാലു മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനുമുണ്ടാകുക. രണ്ട് ഗ്രൂപ്പിലും നിന്നായി ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമി കളിക്കും. 20ന് ദുബായിലാണ് ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ടായിരിക്കും. ടൂര്‍ണമെന്റിന് മുമ്പ് 10 സന്നാഹ മത്സരങ്ങളും നടക്കും.