ലഖ്‌നൗ വെടിക്കെട്ടിലും രക്ഷയില്ല; സഞ്ജുവിനേക്കാള്‍ കേമന്‍ റിഷഭ് എന്ന് മുന്‍താരം

ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ നാല്‍വര്‍ സംഘം തമ്മില്‍ നടക്കുന്നത് വാശിയേറിയ പോരാട്ടം

I would put Rishabh Pant ahead of Sanju Samson and Ishan Kishan says Saba Karim

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ വിസ്‌മയ ബാറ്റിംഗ് പുറത്തെടുത്തിട്ടും സഞ്ജു സാംസണേക്കാള്‍ കേമന്‍ റിഷഭ് പന്താണെന്ന് ഇന്ത്യന്‍ മുന്‍താരവും സെലക്‌ടറുമായിരുന്ന സാബാ കരീം. സഞ്ജുവും ഇഷാന്‍ കിഷനുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സ് ഫാക്‌ടറാണ് ഇന്ത്യന്‍ ടീമിന് റിഷഭ് എന്നാണ് സാബാ കരീമിന്‍റെ വാദം. 

'ഞാന്‍ സഞ്ജു സാംസണിനേക്കാളും ഇഷാന്‍ കിഷനേക്കാളും പ്രാധാന്യം നല്‍കുന്നത് റിഷഭ് പന്തിനാണ്. റിഷഭിനേപ്പോലെ എക്‌സ് ഫാക്‌ടര്‍ മറ്റ് രണ്ട് താരങ്ങളിലും ഞാന്‍ കാണുന്നില്ല. സഞ്ജു മികച്ച സ്‌ട്രോക് പ്ലെയറാണ്. ബാറ്ററെന്ന നിലയില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താവുന്നതേയുള്ളൂ. ഇഷാന്‍ കിഷന് അധികം അവസരങ്ങള്‍ പ്രയോജനപ്പെടുത്താനായില്ല. അതിനാല്‍ വൈറ്റ് ബോളിലും റെഡ് ബോളിലും ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് റിഷഭിനാണ്' എന്നും സാബാ കരീം വ്യക്തമാക്കി. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാര്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ നാല്‍വര്‍ സംഘം തമ്മില്‍ നടക്കുന്നത് വാശിയേറിയ പോരാട്ടം. ഡികെയും റിഷഭുമാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിലുള്ളത്. ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാകാനാണ് സാധ്യത. ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാവാതെ പോയ സഞ്ജു സാംസണും ഇഷാന്‍ കിഷനും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗംഭീര അര്‍ധ സെഞ്ചുറി സഞ്ജു നേടിയിരുന്നു. മത്സരത്തില്‍ 9 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു ഒന്‍പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 63 പന്തില്‍ 86* റണ്‍സുമായി ടോപ് സ്‌കോററായി പുറത്താകാതെനിന്നു. സഞ്ജുവിന്‍റെ ഏകദിന കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ഇതിന് മുമ്പ് ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ നടന്ന ഇന്ത്യ എയുടെ ഏകദിന പരമ്പരയിലും സഞ്ജു തിളങ്ങിയിരുന്നു. സ‌ഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. 

സഞ്ജു യുവിയെ പോലെ ആറ് സിക്‌സറുകളടിക്കാന്‍ കഴിവുള്ളവന്‍, അവസാന ഓവറില്‍ ഞാന്‍ ഭയന്നു: ഡെയ്‌ല്‍ സ്റ്റെയ്‌ന്‍


 

Latest Videos
Follow Us:
Download App:
  • android
  • ios