1983ലെ ലോകകപ്പ് താരങ്ങള്‍ക്കൊപ്പം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ്
ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്‍റെ നിലപാടെന്നും ബിന്നി വ്യക്തമാക്കി.
ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതില്‍ തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ച് ബിസിസിഐ പ്രസഡിന്‍റ് റോജര്‍ ബിന്നി. ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് താന്‍ ഒരു തരത്തിലുള്ള പ്രസ്താവനയും ഇറക്കിയിട്ടില്ലെന്നും 1983ലോ ലോകകപ്പ് നേടിയ ടീമിലെ അംഗമായ ബിന്നി പിടിഐയോട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്‍റെ നിലപാടെന്നും ബിന്നി വ്യക്തമാക്കി.
ഗുസ്തി താരങ്ങളഉടെ സമരത്തില്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുമ്പോഴാണ് താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 1983ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലം അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കിയത്.
ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലെയുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും ക്രിക്കറ്റ് താരങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്.
മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയത്.
കര്‍ഷക നേതാക്കളുടെ ചര്‍ച്ചയെ തുടര്‍ന്നാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്. സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി, യഷ്‌പാല്‍ ശര്‍മ്മ, മദന്‍ ലാല്‍, ബല്‍വീന്ദര്‍ സിംഗ് സന്ധു, സന്ദീപ് പാട്ടീല്‍, കിര്‍ത്തീ അസാദ് എന്നിവരാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഫൈനല്‍ കളിച്ച താരങ്ങള്‍.
ഗുസ്തിതാരങ്ങളുടെ സമരം; 'രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു'; രാഹുൽ ഗാന്ധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം