'എന്നെ ഒഴിവാക്കിയതല്ല, സ്വയം മാറി നിന്നത്'; ഇന്ത്യന്‍ ടീമിലെ നീണ്ട ഇടവേളയെ കുറിച്ച് വെളിപ്പെടുത്തി ഹാര്‍ദിക്
ശസ്‌ത്രക്രിയക്ക് പിന്നാലെ തുടര്‍ ചികില്‍സകളും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാനുള്ള പരിശീലനങ്ങളുമാണ് ഹാര്‍ദിക്കിന്‍റെ കരിയറിന് ഇടവേള നല്‍കിയത്.
അഹമ്മദാബാദ്: ടീം ഇന്ത്യയുടെ(Team India) ദയനീയ പ്രകടനത്തിന് വേദിയായ 2021ലെ ടി20 ലോകകപ്പിന് ശേഷം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya) ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ശസ്‌ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവില്‍ പന്തെറിയാതിരുന്നത് ഹാര്‍ദിക്കിന് തിരിച്ചടിയായി എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. ഇന്ത്യന്‍ ടീമില്‍ നിന്നുള്ള തന്‍റെ നീണ്ട അസാന്നിധ്യത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans ) കിരീടത്തിലേക്ക് നയിച്ച ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍.
'ഞാന്‍ സ്വയം മാറിനില്‍ക്കുകയായിരുന്നു എന്ന് അധികമാര്‍ക്കും അറിയില്ല. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് എന്ന തെറ്റിദ്ധാരണയുണ്ട്. താരം ലഭ്യമാകുമ്പോള്‍ മാത്രമേ മാറ്റിനിര്‍ത്താനാകൂ. എന്നാല്‍ ഞാന്‍ നീണ്ട ഇടവേളയെടുക്കുകയായിരുന്നു. ഇടവേള അനുവദിച്ചതിനും ഉടനടി തിരിച്ചുവരവിന് നിര്‍ബന്ധിക്കാതിരുന്നതിനും ബിസിസിഐക്ക് ഞാന്‍ നന്ദിയറിയിക്കുകയാണ്. അതിനാലാണ് എനിക്ക് പഴയ പ്രതാപത്തോടെ തിരിച്ചെത്താന്‍ കഴിഞ്ഞത്' എന്നും ഹാര്‍ദിക് പാണ്ഡ്യ അദേഹത്തിന്‍റെ ഐപിഎല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സ് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഹാര്‍ദിക്കിന്‍റെ മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം ചൂടിയിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. ഹാര്‍ദിക് പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് ഹാര്‍ദിക് പേരിലാക്കി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 17ന് മൂന്ന് വിക്കറ്റും 30 പന്തില്‍ 34 റണ്‍സുമെടുത്തു.
ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികവോടെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ജൂണ്‍ 9ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ആരംഭിക്കുന്ന അഞ്ച് ടി20കളുടെ പരമ്പരയിലെ ആകര്‍ഷണാകേന്ദ്രം ഹാര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ‍്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാകും എന്നുറപ്പിക്കുകയാണ് ക്രിക്കറ്റ് വിദഗ്‌ധരും ആരാധകരും.