'ഞാനൊരു വിഡ്ഢിയല്ല'; പാക് ടീമിന്റെ പരിശീലകനാവുന്നതിനെക്കുറിച്ച് അക്രം
2010ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും പിന്നീട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ വിവിധ ടീമുകളുടെയും ബൗളിംഗ് പരിശീലകനായിരുന്നിട്ടുള്ള അക്രം നിലവിൽ പിഎസ്എൽ ടീമായ കറാച്ചി കിംഗ്സിന്റെ ചെയർമാനും ബൗളിംഗ് പരിശീലകനുമാണ്.
കറാച്ചി: പാക്കിസ്ഥാൻ പരിശീലകാനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കാൻ താനൊരു വിഡ്ഢിയല്ലെന്ന് മുൻ പാക് താരം വസീം അക്രം. പാക് പരിശീലകനായാൽ ടീമിനൊപ്പം കൂടുതൽ സമയം ചെലവിടേണ്ടിവരുമെന്ന് മാത്രമല്ല, തോൽവികളുണ്ടായാൽ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന മോശം പ്രതികരണങ്ങൾ തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ പാക് പരീശിലക പദവി ഏറ്റെടക്കാൻ താനൊരു വിഡ്ഢിയല്ലെന്നും ക്രിക്കറ്റ് പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ അക്രം പറഞ്ഞു.
2010ൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും പിന്നീട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ വിവിധ ടീമുകളുടെയും ബൗളിംഗ് പരിശീലകനായിരുന്നിട്ടുള്ള അക്രം നിലവിൽ പിഎസ്എൽ ടീമായ കറാച്ചി കിംഗ്സിന്റെ ചെയർമാനും ബൗളിംഗ് പരിശീലകനുമാണ്.
പാക് ടീമിന്റെ പരിശീളലനായാൽ വർഷത്തിൽ 200-250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടിവരും. എന്നാൽ കുടുംബത്തിൽ നിന്ന് അത്രയും ദിവസം വിട്ടുനിൽക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, പാക് ടീമിലെ ഭൂരിഭാഗം കളിക്കാരുമായും പിഎസ്എല്ലിൽ ഞാനിടയപഴകാറുണ്ട്. അവർക്കെന്താവശ്യമുണ്ടെങ്കിലും എന്റെ നമ്പറിൽ വിളിക്കാം.
പരിശീലക പദവി ഏറ്റെടുക്കാതിരിക്കാനുള്ള രണ്ടാമത്തെക്കാര്യം ടീം തോറ്റാൽ ആരാധകരുടെ ഭാഗത്തുനിന്നുള്ള മോശം പ്രതികരണമാണ്. ടീമിന്റെ ഓരോ തോൽവിക്കും അവർക്ക് കോച്ചിനെതിരെ തിരിയണം. അതെനിക്ക് ഭയമാണ്. പലപ്പോഴും തോൽവിക്കുശേഷം ടീമിനും സീനിയർ കളിക്കാർക്കുമെതിരെ പലതും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത്തരം ആരോപണങ്ങൾ കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് പാക് ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുക എന്ന വിഡ്ഢിത്തം ഞാൻ ചെയ്യില്ല. ആരോപണം ഉന്നയിക്കുന്നവരും പഴി പറയുന്നവരും മനസിലാക്കേണ്ടത്, കോച്ചല്ല, കളിക്കാരാണ് ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത്. അതുകൊണ്ടുതന്നെ തോൽവിക്ക് കോച്ചിനെ പഴി പറയുന്നതിൽ യാതൊരു അർത്ഥവുമില്ല-അക്രം പറഞ്ഞു.
ആരാധകരുടെ ആവേശത്തെയും ടീമിനോടുള്ള ഇഷ്ടത്തെയും ഞാൻ മാനിക്കുന്നു. പക്ഷെ അതിന്റെ പേരിൽ മോശമായി പെരുമാറുന്നതോ മോശം വാക്കുകളുപയോഗിക്കുന്നതോ അത് സമൂഹമാധ്യമങ്ങളിലൂടെ ആയാലും എനിക്ക് പൊറുക്കാനാവില്ല-അക്രം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.